ഫാഷന്‍ സിറ്റി: പ്രതിനിധികള്‍ ചര്‍ച്ച നടത്തി
കൊച്ചി: കൊച്ചിയില്‍ ഫാഷന്‍ വില്ലേജ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാറും ഇറ്റാലിയന്‍ സംഘവും മെയ് 10 ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ എകദേശ ധാരണയായി. മൂന്ന് മാസത്തിനകം ഇറ്റാലിയന്‍ സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്മേലാകും തുടര്‍ ചര്‍ച്ചകള്‍.
പ്രശസ്ത ഇറ്റാലിയന്‍ വസ്ത്ര നിര്‍മ്മാണ കമ്പനിയായ ലിബര്‍ട്ടി ചെയര്‍മാന്‍ അല്‍ദൊ ബോര്‍ദീഞ്ഞോയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യവസായ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞുമായി ചര്‍ച്ച നടത്തിയത്. ഐടി സെക്രട്ടറി പി.എച്ച് കുര്യന്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ചൊവാഴ്ച നടന്ന ചര്‍ച്ചയില്‍ അടിസ്ഥാനസൗകര്യങ്ങളെപ്പറ്റി തീരുമാനമായെങ്കിലും ഭൂമിവില സംബന്ധിച്ച് ധാരണയായില്ല. കാക്കനാട് ഇന്‍ഫോപാര്‍ക്കിനു സമീപത്തായിരിക്കും ഫാഷന്‍ വില്ലേജിനുള്ള സ്ഥലം നല്‍കുക.
ഇരുപതോളം രാജ്യാന്തര കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയാകും നടപ്പാക്കുക. ചര്‍ച്ചയ്ക്ക് മുന്നോടിയായി കൊച്ചിയിലെയും ചേര്‍ത്തലയിലെയും നിര്‍ദ്ദിഷ്ട പദ്ധതി സ്ഥലങ്ങള്‍ ഇറ്റാലിയന്‍ സംഘം തിങ്കളാഴ്ച സന്ദര്‍ശിച്ചിരുന്നു.
വി- സ്റാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ടെക്സ്റൈല്‍ നിര്‍മാതാക്കളുമായി സംഘാംഗങ്ങള്‍ പ്രാഥമിക ചര്‍ച്ച നടത്തി. വൈദ്യുതി, വെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് ചില ഉറപ്പുകള്‍ പ്രതീക്ഷിക്കുന്നതായി ഇറ്റാലിയന്‍ സംഘത്തലവന്‍ അല്‍ദൊ ബോര്‍ദിഞ്ഞോ അറിയിച്ചു.
ഫാഷന്‍ രംഗത്തെ ഏറ്റവും പുതിയ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന കമ്പനികളാണ് നിര്‍ദ്ദിഷ്ട ഫാഷന്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ലിബര്‍ട്ടി അഡ്മിനിസ്ട്രേറ്റീവ് മേധാവി ലിയുഗി മ്യൂസ്, ഫാഷന്‍ ഡിസൈനറായ ജോര്‍ജെ ബോര്‍ദീഞ്ഞോ തുടങ്ങിയവരാണ് സംഘത്തിലുള്ളത്.












Click it and Unblock the Notifications