കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുത്തു
തിരുവനന്തപുരം: കോവളം കൊട്ടാരവും അനുബന്ധഭൂമിയും ഏറ്റെടുത്ത് സര്‍ക്കാര്‍ മെയ് ഒന്‍പത് തിങ്കളാഴ്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. നടപടി ക്രമങ്ങള്‍ ശരിയായി പാലിക്കാതെയാണ് സര്‍ക്കാര്‍ കൊട്ടാരമേറ്റെടുത്തതെന്ന കാരണത്താല്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയിരുന്നു.
പുതിയ നിയമ നിര്‍മാണത്തിലൂടെ കൊട്ടാരം സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. മന്ത്രിസഭാ ഉപസമിതി തയ്യാറാക്കി ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് അസാധാരണ ഗസറ്റായാണ് പുറത്തിറങ്ങിയത്.
കഴിഞ്ഞ സപ്റ്റംബറില്‍ സര്‍ക്കാര്‍ കൊട്ടാരം ഔപചാരികമായി ഏറ്റെടുത്തിരുന്നു. ജില്ലാ കലക്ടറാണ് ഇതിനുള്ള നടപടി സ്വീകരിച്ചത്. എന്നാല്‍ തുടര്‍ന്നും കൊട്ടാരവുമായി ബന്ധപ്പെട്ട് അനധികൃത നിര്‍മ്മാണം നടക്കുന്നതായ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ കൊട്ടാരം ഏറ്റെടുത്തത്.
ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഏറ്റെടുക്കലെന്ന് ആമുഖത്തില്‍ പറയുന്നു. ഏറ്റെടുക്കലിനായി കമ്മിഷനെ നിയമിക്കും, ജില്ലാ കലക്ടറില്‍ കുറയാത്തയാളാവും കമ്മിഷന്റെ ചുമതല, കൊട്ടാരം ഏറ്റെടുക്കുന്നതിലൂടെ ഗള്‍ഫാര്‍ ഗ്രൂപ്പിന് നല്കേണ്ട നഷ്ടപരിഹാരമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കമ്മിഷന്‍ തീരുമാനമെടുക്കുമെന്നും ഓര്‍ഡിനന്‍സ് വിശദീകരിക്കുന്നു.
കൊട്ടാരം ഏറ്റെടുത്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിനു ശേഷമുള്ള തുടര്‍നടപടികള്‍ മെയ് 11 ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കൊട്ടാരം തല്‍ക്കാലം പുരാവസ്തുവകുപ്പിനെ ഏല്‍പ്പിക്കാനാണ് സാധ്യത. ഇതു സംബന്ധിച്ച കേസ് കഴിഞ്ഞ ശേഷം മാത്രമെ കൊട്ടാരം സംബന്ധിച്ച് അന്തിമതീരുമാനമുണ്ടാകൂ.












Click it and Unblock the Notifications