ആന്ധ്രയില്‍ പൊലീസ് വെടിവയ്പ്: ഏഴ് മരണം
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പൊലീസും തെലുങ്കുദേശം അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ആറ് തെലുങ്കുദേശം പ്രവര്‍ത്തകരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. 38 പേര്‍ക്ക് പരിക്കേറ്റു.
പൊലീസ് നടത്തിയ വെടിവയ്പിലാണ് നാലു പേര്‍ മരിച്ചത്. വെടിവയ്പിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. തെലുങ്കുദേശം പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറിലാണ് അസിസ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കൊല്ലപ്പെട്ടത്.
അനന്തപുര്‍ ജില്ലയിലെ പെനുഗൊണ്ടയിലാണ് അപകടമുണ്ടായത്. ജൂണ്‍ രണ്ടിനു നടക്കുന്ന ഉപതെരഞ്ഞെടുപ്പിനായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി തെലുങ്കുദേശം സ്ഥാനാര്‍ഥിയെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന ടിഡിപി പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ ഏററുമുട്ടലിനെ തുടര്‍ന്നാണ് വെടിവയ്പുണ്ടായത്.
കൊല്ലപ്പെട്ട ടിഡിപി എംഎല്‍എ പെരിട്ടാല രവീന്ദ്രയുടെ വിധവ പി. സുനിതയാണ് ഉപതെരഞ്ഞെടുപ്പില്‍ തെലുങ്കുദേശം സ്ഥാനാര്‍ത്ഥി. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയ ഇവരുടെ കൂടെയുണ്ടായ പ്രവര്‍ത്തകര്‍ അവിടെ ഡ്യൂട്ടിയിലുണ്ടായ ഒരു പൊലീസുകാരനെ കല്ലെറിഞ്ഞതോടെയാണ് പ്രശ്നങ്ങളാരംഭിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ഇതെത്തുടര്‍ന്ന് ഇവരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. സ്ഥിതിഗതികള്‍ വഷളായതോടെയാണ് പൊലീസ് വെടിവയ്പ് ആരംഭിച്ചത്.
സംഭവത്തെ തുടര്‍ന്ന് ടിഡിപി പ്രവര്‍ത്തകര്‍ റോഡിലിറങ്ങി ബസുകളും മറ്റ് സ്വകാര്യവാഹനങ്ങളും ആക്രമിച്ചതായും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications