കരുണാകരന് പോയത് കോണ്‍ഗ്രസിനെ ബാധിച്ചിട്ടില്ല: അശോക് ഗെലോട്ട്
തിരുവനന്തപുരം: കെ.കരുണാകരന് പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെ ഒരു വിധത്തിലും ബാധിച്ചിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട്. കെഎസ്യു സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരുണാകരന് പോയത് കെഎസ്യുവിനെയോ യൂത്ത് കോണ്‍ഗ്രസിനെയോ സേവാദളിനെയോ മഹിളാകോണ്ഗ്രസിനെയോ ബാധിച്ചിട്ടില്ല. മുന്‍പും പല നേതാക്കളും കോണ്‍ഗ്രസ് വിട്ടുപോയിട്ടുണ്ട്. അവരെപ്പറ്റി പിന്നീടാരും കേള്‍ക്കുകയും ചെയ്തിട്ടില്ല. പോയവര്‍ക്ക് പിന്നീട് തെറ്റ് ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കേരളത്തില്‍ കോണ്‍ഗസ് സിപിഎമ്മുമായുള്ള ആശയസമരത്തിലാണ്. ഇതില്‍ കോണ്‍ഗ്രസ് ഒരിക്കലും പിന്നോട്ടുപോയിട്ടില്ല. കേന്ദ്രത്തില്‍ സിപിഎം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമ്പോള്‍ കേരളത്തില്‍ എതിര്‍ക്കുകയാണ്. ലോകം മുഴുവന്‍ ഉപേക്ഷിച്ചിരിക്കുന്ന ഒന്നാണ് കമ്യൂണിസം. ചൈന പോലും കമ്യൂണിസം ഉപേക്ഷിച്ചുകഴിഞ്ഞു.എന്നിട്ടും സിപിഎം ഇപ്പോഴും മുദ്രാവാക്യം മുഴക്കിക്കൊണ്ടിരിക്കുകയാണ്. സമ്മര്ദ്ദരാഷ്ട്രീയതന്ത്രമാണ് അവരുടേത്.
55 വര്‍ഷക്കാലം കോണ്‍ഗ്രസാണ് കേന്ദ്രവും സംസ്ഥാനങ്ങളും ഭരിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ചില തെറ്റുകളുടെ ഫലമായി കോണ്‍ഗ്രസിന് പല സ്ഥലങ്ങളിലും അധികാരം നഷ്ടപ്പെട്ടു. പോഷകസംഘടനകളെല്ലാം ഒന്നിച്ചു നിന്നാല്‍ കോണ്‍ഗ്രസിന് പഴയ പ്രതാപം വീണ്ടെടുക്കാമെന്നും ഗെലോട്ട് അഭിപ്രായപ്പെട്ടു.
കരുണാകരന് കോണ്‍ഗ്രസില്‍ നിന്നു പോയത് ചെറിയൊരു മാറ്റം മാത്രമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള പറഞ്ഞു.