കൊച്ചി തുറമുഖം സ്വകാര്യവത്കരിക്കുന്നു
ദില്ലി: കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ 12 പ്രമുഖ തുറമുഖങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മുംബൈ, ചെന്നൈ, വിശാഖപട്ടണം, കൊല്‍ക്കത്ത എന്നിവയാണ് സ്വകാര്യവത്കരിക്കുന്ന മറ്റ് പ്രധാന തുറമുഖങ്ങള്‍.
സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള 43 ചെറുകിട തുറമുഖങ്ങള്‍ സ്വകാര്യവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന സര്‍ക്കാരുകളായിരിക്കും.
രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനം സംബന്ധിച്ച നയരൂപീകരണത്തിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കര്‍മസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കര്‍മസമിതിയുടെ ശുപാര്‍ശക്ക് ആസൂത്രണ കമ്മിഷന്‍ അനുമതി നല്‍കി.
20 വര്‍ഷത്തേക്കു നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ടും മന്ത്രാലയം തയ്യാറാക്കണം. തുറമുഖങ്ങള്‍ക്കു പുറമെ റയില്‍വെയിലും കൂടുതല്‍ സ്വകാര്യവത്കരണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.
തുറമുഖങ്ങളിലെ ഇപ്പോഴുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതുപോലെ തന്നെ തുടരും. എന്നാല്‍ കൂടുതല്‍ വികസനം നടപ്പാക്കുക സ്വകാര്യ പങ്കാളിത്തം അനുവദിച്ചുകൊണ്ടായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
തുറമുഖങ്ങളില്‍ നിലവിലുള്ള കടവുകള്‍ക്കു പുറമെ പുതിയ കടവുകള്‍ തുറക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്കും. അവയുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്വകാര്യ കമ്പനിക്കായിരിക്കും. തുറമുഖങ്ങളില്‍ നിന്നു ചരക്കു നീക്കം നടത്തുന്നതിനായുള്ള വാഗണുകളും സ്വകാര്യ കമ്പനികള്‍ക്കു പ്രവര്‍ത്തിപ്പിക്കാം.












Click it and Unblock the Notifications