മൂവാറ്റുപുഴ ലോക്സഭാ മണ്ഡലം നിലനിര്‍ത്തും
ദില്ലി: മൂവാറ്റുപുഴ ലോക്സഭാ മണ്ഡലം നിലനിര്‍ത്താനും പകരം മാവേലിക്കര മണ്ഡലം വേണ്ടെന്നു വയ്ക്കാനും കേന്ദ്ര മണ്ഡലം പുനര്‍നിര്‍ണ്ണയ കമ്മീഷന്‍ തീരുമാനിച്ചു.
ഈ തീരുമാനത്തോട് കേരള തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. മോഹന്‍ദാസിന്റെ വിയോജിപ്പിനെ തുടര്‍ന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ കൃഷ്ണമൂര്‍ത്തി പുനര്‍നിര്‍ണയ കമ്മിഷനോട് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചു. മോഹന്‍ദാസിന്റെ വാദം കേള്‍ക്കുന്നതിനായി മെയ് 16 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കമ്മിഷന്‍ യോഗം ചേരും.
യോഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടണ്ടനും പങ്കെടുത്തേക്കും. മോഹന്‍ദാസിന്റെ വിയോജിപ്പിനെ തുടര്‍ന്ന് ചൊവ്വാഴ്ച വരെ അദ്ദേഹത്തോട് ദില്ലിയില്‍ തങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കുന്ന നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ട്. മൂവാറ്റുപുഴ മണ്ഡലം നിലനിര്‍ത്തി മാവേലിക്കര മണ്ഡലം വേണ്ടെന്നുവയ്ക്കാനും ചിറയിന്‍കീഴ് ലോക്സഭാ മണ്ഡലത്തിന്റെ പേര് ആറ്റിങ്ങല്‍ എന്നാക്കുന്നതിനോടുമാണ് മോഹന്‍ദാസിന് വിയോജിപ്പുള്ളത്. ഈ രണ്ട് പ്രശ്നങ്ങളില്‍ മാത്രമേ വിയോജിപ്പുള്ളൂവെന്നും നിയമസഭാ മണ്ഡല പുനര്‍നിര്‍ണയത്തോട് പൂര്‍ണയോജിപ്പാണെന്നും മോഹന്‍ദാസ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications