സിനിമയിലേക്കില്ലെന്ന് ഷുഐബ് അക്തര്‍
ഇസ്ലാമബാദ്: തന്റെ സിനിമയില്‍ അഭിനയിക്കാനുള്ള ഹിന്ദി സംവിധായകനും നിര്‍മാതാവും മഹേഷ് ഭട്ടിന്റെ ക്ഷണം പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷുഐബ് അക്തര്‍ നിരസിച്ചു.
ക്രിക്കറ്റിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇഷ്ടപ്പെടുന്നതെന്നും സിനിമയില്‍ അഭിനയിക്കുന്നതില്‍ തനിക്ക് യാതൊരു താത്പര്യവുമില്ലെന്നും ഷുഐബ് വ്യക്തമാക്കി.
ഗ്യാംഗ്സ്റര്‍ എന്ന തന്റെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാനാണ് മഹേഷ് ഭട്ട് ഷുഐബിനെ ക്ഷണിച്ചിരുന്നത്. പരുക്കന്‍ സ്വഭാവവുമുള്ള യുവാവായി അഭിനയിക്കുന്നതിന് മഹേഷ് ഭട്ട് ആദ്യം സഞ്ജയ് ദത്തിനെയാണ് പരിഗണിച്ചിരുന്നത്. സഞ്ജയ്ദത്തിന്റെ ഡേറ്റുകള്‍ പ്രശ്നമായതിനാലാണ് പകരം ഷുഐബ് അക്തറിനെ സിനിമയിലേക്ക് ക്ഷണിച്ചത്. പാകിസ്ഥാന്‍ നടി മിറയാണ് ഷുഐബ് അക്തറിനെ അഭിനയിപ്പിക്കാനുള്ള നിര്‍ദേശം മഹേഷ് ഭട്ടിന് മുന്നില്‍ വച്ചത്.
ഷുഐബിനെ അടുത്തയാഴ്ച താന്‍ പാകിസ്ഥാനില്‍ വച്ച് കാണുമെന്നും അഭിനയിക്കുന്ന കാര്യത്തില്‍ ഒരു തീരുമാനം അപ്പോഴേയുണ്ടാവുകയുള്ളൂവെന്നും മഹേഷ് ഭട്ട് പറഞ്ഞതിന് പിന്നാലെയാണ് സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഷുഐബ് വ്യക്തമാക്കിയത്.
കഴിഞ്ഞ ആറുവര്‍ഷങ്ങളായി തനിക്കും ഷാഹിദ് അഫ്രിദിയെയും ഷുഐബ് മാലിക്കിനെയും പോലുള്ള കളിക്കാര്‍ക്കും സിനിമയില്‍ നിന്നും ക്ഷണമുണ്ടാവുന്നുണ്ടെന്ന് ഷുഐബ് പറഞ്ഞു. നേരത്തെ ഇമ്രാന്‍ഖാനെയും വസിം അക്രത്തെയും പോലുള്ള മുന്‍കാല താരങ്ങള്‍ക്കും സിനിമയില്‍ നിന്നും ക്ഷണം ലഭിച്ചിരുന്നു.
പാകിസ്ഥാന്‍ ടീമിലേക്ക് തിരിച്ചുവരാനാണ് താന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ക്രിക്കറ്റില്‍ നിന്നും അന്യമായ മേഖലകളിലേക്ക് തിരിയാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും ഷുഐബ് അക്തര്‍ വ്യക്തമാക്കി.












Click it and Unblock the Notifications