സിപിഎം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കില്ല
ദില്ലി: അടുത്ത ഞായറാഴ്ച നടക്കുന്ന യുപിഎ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളില്‍ സിപിഎം പങ്കെടുക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു.
പോളിറ്റ് ബ്യൂറോ യോഗം യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തിയതായും സാമൂഹിക, കാര്‍ഷിക രംഗങ്ങളുള്‍പ്പെടെ പല മേഖലകളിലും സര്‍ക്കാര്‍ പരാജയമാണെന്നും കാരാട്ട് പറഞ്ഞു.
പൊതുമിനിമം പരിപാടിയിലെ പല നിര്‍ദേശങ്ങളും നടപ്പിലാക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. ഇടതുപക്ഷം എതിര്‍ക്കുന്ന സര്‍ക്കാര്‍ പരിപാടികള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കും- കാരാട്ട് വ്യക്തമാക്കി.
സിപിഎം പുറപ്പെടുവിച്ച യുപിഎ സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുന്ന പ്രസ്താവനയില്‍ സര്‍ക്കാരിനെ കടന്നാക്രമിക്കുന്നുണ്ട്. തകരുന്ന പൊതുവിതരണ സമ്പ്രദായത്തെ രക്ഷിക്കാന്‍ വേണ്ടതൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും അസംഘടിത തൊഴിലാളികള്‍ക്ക് ക്ഷേമകരമായ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പെന്‍ഷന്‍ ഫണ്ടിന്റെ സ്വകാര്യവത്കരണം അനുവദിക്കാനാവില്ലെന്നും സിപിഎം വ്യക്തമാക്കി.












Click it and Unblock the Notifications