ജയക്കെതിരായ സ്വത്തുകേസിലെ വാദം മാറ്റി
ബാംഗ്ലൂര്‍: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരായ അനധികൃതസ്വത്തുകേസിലെ വാദംകേള്‍ക്കല്‍ പ്രത്യേകകോടതി മെയ് 25ലേക്കു മാറ്റി. കേസ് രേഖകള്‍ പഠിക്കാന്‍ മൂന്നാഴ്ചത്തെ സമയം വേണമെന്ന കേസിലുള്‍പ്പെട്ട ശശികലക്കും മറ്റുള്ളവര്‍ക്കുമായി ഹാജരായ പ്രതിഭാഗം വക്കീല്‍ എന്‍.ജ്യോതിയുടെ അപേക്ഷ കോടതി തള്ളി.
കേസിലെ രണ്ടാമത്തെ കുറ്റപത്രവുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി നല്‍കിയിട്ടില്ലെന്ന വക്കീലിന്റെ പ്രസ്താവനയില്‍ ജസ്റിസ് എ.എസ് പാച്ചപുരെ അസംതൃപ്തി രേഖപ്പെടുത്തി. എല്ലാ രേഖകളും നല്‍കണമെന്ന് താന്‍ ഉത്തരവിട്ടിരുന്നതായും ഇത്തരം ഒഴിവുകഴിവുകള്‍ അംഗീകരിക്കാനാവില്ലെന്നും ജസ്റിസ് പറഞ്ഞു.
മെയ് 17 ചൊവ്വാഴ്ച മുതല്‍ ഈ കേസിലെ വാദം തുടരുമെന്ന് ജഡ്ജി പറഞ്ഞെങ്കിലും ഇത്തരം കേസുകള്‍ പഠിച്ച ശേഷമല്ലാതെ പരിഗണിക്കാനാവില്ലെന്നും അതിനാവശ്യമായ സമയം നല്‍കണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ. ടി. എസ് തുളസി കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് കേസ് 25ലേക്കു മാറ്റിയത്. നേരത്തെ ലണ്ടന്‍ ഹോട്ടല്‍ ഇടപാടുകേസും അനധികൃത സ്വത്തുകേസും ഒന്നായി പരിഗണിക്കണമെന്ന ഹര്‍ജിയില്‍ തുളസി വാദം പൂര്‍ത്തിയാക്കിയിരുന്നു.












Click it and Unblock the Notifications