ചോദ്യചോര്‍ച്ച: ഡിപിഐമാരെ ചോദ്യം ചെയ്യും
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യക്കടലാസ് ചോര്‍ച്ച കേസില്‍ മുന്‍ ഡിപിഐമാരെ ക്രൈംബ്രാഞ്ച് മെയ് 16 തിങ്കളാഴ്ച ചോദ്യം ചെയ്യും.കെ. ആര്‍. വിശ്വംഭരന്‍, എം. ഗോപാലന്‍ എന്നിവരെയാണ്ചോദ്യം ചെയ്യാന്‍ സാധ്യതയുള്ളത്.
വ്യാജരേഖ ഉപയോഗിച്ച് രാജന്‍ ചാക്കോ എസ്എസ്എല്‍സി ചോദ്യക്കടലാസ് അച്ചടിക്കരാര്‍ നേടിയതിന്റെ വിശദാംശങ്ങളാണ് ഇവരില്‍ നിന്നും തേടുക.മറ്റൊരു ഡിപിഐ ആയിരുന്ന വി. പി. ജോയി വിദേശത്താണ്. ഇദ്ദേഹത്തെ പിന്നീട് ചോദ്യം ചെയ്തേക്കും.
ഇതിനിടെ ചോദ്യക്കടലാസ് അച്ചടിച്ച വിശ്വനാഥന്‍ പ്രിന്റേഴ്സിന്റെ ഉടമ സുബ്രഹ്മണ്യത്തിനായി ക്രൈംബ്രാഞ്ച് സംഘം ചെന്നൈയില്‍ അന്വേഷണം തുടരുകയാണ്. ഇയാളുടെ വസതിയിലും പ്രസിലും ക്രൈംബ്രാഞ്ച് സംഘം തെരച്ചില്‍ നടത്തിയെങ്കിലും സുബ്രഹ്മണ്യവും കുടുംബാംഗങ്ങളും എങ്ങോട്ടു കടന്നുവെന്നതു സംബന്ധിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.
ചികിത്സക്കായി പോയെന്നാണ് പ്രസിലെ ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍ അപ്പോളോ ആശുപത്രിയില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം എത്തുന്നതിനു തലേന്നു തന്നെ സുബ്രഹ്മണി ആശുപത്രിയില്‍ നിന്നും പോയിരുന്നു. മെയ് 14 ശനിയാഴ്ചയാണ് ക്രൈംബ്രാഞ്ച് സംഘം ചെന്നൈയിലെത്തിയത്.












Click it and Unblock the Notifications