ലാലുവിനെതിരെ ഒരു കേസില്‍ കൂടി കുറ്റം ചുമത്തി
റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ കൂടി കേന്ദ്രറെയില്‍വെമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരെ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തി.
1995 ഡിസംബറിനും 1996 ഡിസംബറിനും ഇടയ്ക്ക് ഡുംക ട്രഷറിയില്‍ നിന്നും 3.13 കോടി രൂപ അനധികൃതമായി പിന്‍വലിച്ചതിനാണ് കേസ്. ഇക്കാലയളവില്‍ ലാലു ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നു. മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥമിശ്രയ്ക്കും മറ്റ് 37 പേര്‍ക്കുമെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. കോടതിയില്‍ കുറ്റങ്ങള്‍ വായിക്കുമ്പോള്‍ ലാലുവും മിശ്രയും സന്നിഹിതരായിരുന്നു.
ചൈബാസ ട്രഷറിയില്‍ നിന്നും അനധികൃതമായി 37 കോടി രൂപ പിന്‍വലിച്ചതിന് ഏപ്രില്‍ 25ന് ലാലു ഉള്‍പ്പെടെ 67 പേര്‍ക്കെതിരെ കോടതി കുറ്റം ചുമത്തിയിരുന്നു.
950 കോടി രൂപയുടെ കാലിത്തീറ്റ കുഭകോണവുമായി ബന്ധപ്പെട്ട് സിബിഐ 60 കേസുകളില്‍ കുറ്റപത്രങ്ങള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇവയില്‍ 53 കേസുകളിലെ വിചാരണ റാഞ്ചിയിലും മൂന്ന് കേസുകളിലെ വിചാരണ പാറ്റ്നയിലുമാണ് നടക്കുന്നത്.
ലാലുവിനെതിരെ കോടതി കുറ്റം ചുമത്തിയ സാഹചര്യത്തില്‍ അദ്ദേഹം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ തുടര്‍ച്ചയായി പാര്‍ലമെന്റ് ബഹിഷ്കരിച്ചിരുന്നു.












Click it and Unblock the Notifications