കാലത്തെ അതിജീവിച്ച് വീരനായ്ക്കരുടെ കൂട്ടുകുടുംബം
തേനി: കൂട്ടുകുടുംബവ്യവസ്ഥിതി തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ വടവീരനായ്ക്കരുടെ കുടുംബം കാലഘട്ടത്തേയും അതിജീവിക്കുന്നു. വൈഗെ ഡാം പരിധിയില്‍ നിന്നും 1951ലാണ് വീരനായ്ക്കരും കുടുംബവും തേനിയിലേക്കു മാറിയത്. ഡാംപരിധിയില്‍ നിന്നും മാറിയതിനു പകരം ലഭിച്ച 200 ഏക്കര്‍ ഭൂമിയില്‍ ഒരുമിച്ചു കൃഷി ചെയ്താണ് ഈ കൂട്ടുകുടുംബം കഴിയുന്നത്. 1951ല്‍ തേനിയിലേക്കു മാറുമ്പോള്‍ 14 കുടുംബങ്ങളാണ് ഈ കൂട്ടുകുടുംബത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ ഇവിടെ 36 കുടുംബങ്ങളുണ്ട്.
ഇവരുടെ ഭക്ഷണരീതിയും വളരെ ലളിതമാണ്. ആഴ്ചയില്‍ ഒരിക്കല്‍ എല്ലാം കുടുംബാംഗങ്ങള്‍ക്കുമായി 36 കിലോ അരിയുടെ ചോറുണ്ടാക്കും. ബാക്കി ദിവസങ്ങളില്‍ ചോളമുള്‍പ്പെടെയുള്ള ധാന്യവര്‍ഗങ്ങളാണ് ഇവരുടെ ഭക്ഷണം.
ഐക്യത്തിന്റെയും ക്ഷമയുടെയും കൂട്ടുകുടുംബവ്യവസ്ഥിതിയുടെയും സന്ദേശം സമൂഹത്തിനു നല്‍കുകയാണ് തങ്ങളുടെ കുടുംബവ്യവസ്ഥിതിയുടെ ഉദ്ദേശമെന്ന് വീരനായ്ക്കര്‍ പറയുന്നു. ആകെയുള്ള സ്ഥലം ഭാഗം വയ്ക്കാന്‍ കുടുംബാംഗങ്ങള്‍ക്ക് സമ്മതമല്ല. കുടുംബത്തിനുള്ളില്‍ തന്നെ പ്രശ്നങ്ങളുണ്ടാക്കുമെന്നതുകൊണ്ടാണിത്. വര്‍ഷത്തിലൊരിക്കല്‍ മാത്രം കുടുംബത്തിലെ വരവുചെലവുകണക്കുകള്‍ അംഗങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കും. പ്രശ്നങ്ങളേയും പ്രതിസന്ധിയേയും നേരിടാന്‍ കൂട്ടുകുടുംബവ്യവസ്ഥിതി വളരെയേറെ സഹായിച്ചിട്ടുണ്ടെന്നും വീരനായ്ക്കര്‍ പറയുന്നു.
മറ്റൊരു സവിശേഷത ഈ കുടുംബത്തിലെ എല്ലാ പുരുഷന്മാരും 25-ാം വയസില്‍ വിവാഹിതരാകുമെന്നതാണ്. കുടുംബത്തിനു നല്ലതു വരാനും തങ്ങള്‍ക്ക് കൂടുതല്‍ സഹായം ലഭിക്കാനും ഇതുസഹായിക്കുമെന്നാണ് വീരനായ്ക്കരുടെ അഭിപ്രായം. 1996ല്‍ ഈ കുടുംബത്തിലെ ആറ് പുരുഷന്മാരാണ് ഒരു ദിവസം തന്നെ വിവാഹിതരായത്.












Click it and Unblock the Notifications