മൂവാറ്റുപുഴ ഒഴിവാക്കി; മാവേലിക്കര നിലനിര്‍ത്തി
ദില്ലി: കേരളത്തിലെ മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയായി. മൂവാറ്റുപുഴ മണ്ഡലം ഒഴിവാക്കാനും മാവേലിക്കര മണ്ഡലം നിലനിര്‍ത്താനും മണ്ഡല പുനര്‍നിര്‍ണയ സമിതി തീരുമാനിച്ചു. മാവേലിക്കരയും ഒറ്റപ്പാലത്തിന് പകരം പുതുതായി രൂപീകരിച്ച ആലത്തൂരും സംവരണ മണ്ഡലങ്ങളായിരിക്കും.
പുതുതായി വയനാട് മണ്ഡലം രൂപീകരിച്ചിട്ടുണ്ട്. ചിറയിന്‍കീഴ്, അടൂര്‍, മുകുന്ദപുരം, ഒറ്റപ്പാലം, മഞ്ചേരി മണ്ഡലങ്ങളുടെ പേരുമാറ്റി. യഥാക്രമം ആറ്റിങ്ങല്‍, പത്തനംതിട്ട, ചാലക്കുടി, ആലത്തൂര്‍, മലപ്പുറം എന്നിങ്ങനെയായിരിക്കും ഇവയുടെ പേരുകള്‍. മറ്റു ലോക്സഭാ മണ്ഡലങ്ങളുടെ പേരില്‍ മാറ്റമില്ല.
മൂവാറ്റുപുഴ നിലനിര്‍ത്തി മാവേലിക്കര ഒഴിവാക്കാനാണ് നേരത്തെ നിര്‍ദേശമുണ്ടായിരുന്നതെങ്കിലും സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ എന്‍. മോഹന്‍ദാസിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ തീരുമാനം മാറ്റിയത്. മാവേലിക്കര നിലനിര്‍ത്താനും മൂവാറ്റുപുഴ ഒഴിവാക്കാനുമാണ് മോഹന്‍ദാസ് നിര്‍ദേശിച്ചിരുന്നത്. അടുത്തുകിടക്കുന്ന ആലത്തൂര്‍, പാലക്കാട് എന്നിവ സംവരണ മണ്ഡലങ്ങളാക്കരുതെന്നും മോഹന്‍ദാസ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാവേലിക്കര നിലനിര്‍ത്തുകയും ആ മണ്ഡലത്തിന് സംവരണ പദവി നല്‍കുകയും ചെയ്തത്. ആലത്തൂര്‍ സംവരണ മണ്ഡലമായി നിലനിര്‍ത്തുകയും ചെയ്തു.
തിങ്കളാഴ്ച ദില്ലിയില്‍ ചേര്‍ന്ന മൂന്നംഗ പുനര്‍നിര്‍ണയ സമിതിയുടെ യോഗമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തത്.
ലോക്സഭാ മണ്ഡലങ്ങള്‍ക്കൊപ്പം നിയമസഭാ മണ്ഡലങ്ങളുടെയും പുനര്‍നിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ നാലും കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓരോ മണ്ഡലങ്ങളും കൂടിയപ്പോള്‍ തൃശൂര്‍, കോട്ടയം, കൊല്ലം ജില്ലകളില്‍ ഓരോ മണ്ഡലങ്ങള്‍ കുറഞ്ഞു. മൊത്തം ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം 20 ആയും നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 140 ആയും തുടരും.












Click it and Unblock the Notifications