വീട്ടിലുണ്ടായ സ്ഫോടനത്തില്‍ പെണ്‍കുട്ടി മരിച്ചു
കണ്ണൂര്‍: തിലനൂരിലെ ഒരു വീട്ടില്‍ മെയ് 16 തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തില്‍ പെണ്‍കുട്ടി മരിച്ചു. തോട്ടട അമ്മൂപറമ്പ് ലസ്ന നിവാസില്‍ ടി. പി. രമേശന്റെയും ലതികയുടെയും മകള്‍ ലസ്ന(15)യാണ് മരിച്ചത്.
ലസ്നയുടെ ബന്ധുവീടായ കനകാലയത്തിലാണ് അപകടമുണ്ടായത്. അവധിക്കാലം ആഘോഷിക്കാന്‍ ഇവിടെയെത്തിയതായിരുന്നു ലസ്ന. വീടിന്റെ ഒരു മുറിയില്‍ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കളാണ് അപകടമുണ്ടാക്കിയത്. ഗുരുതരമായി പരിക്കേറ്റ ലസ്നയെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ലസ്നയുടെ ബന്ധുക്കളായ പ്രകാശന്‍, ചിത്ര എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സ്ഫോടനം നടന്ന മുറിയില്‍ നിന്നും അക്വേറിയത്തിലേക്കുള്ള വൈദ്യുതകമ്പി മുറിഞ്ഞ നിലയിലാണുള്ളത്. ഇതില്‍ നിന്നായിരിക്കും സ്ഫോടകവസ്തുക്കള്‍ക്ക് തീപിടിച്ചതെന്നു കരുതുന്നു. വീട്ടില്‍ നിന്നും വെടിമരുന്ന്, ഗന്ധകം, അമിട്ടുകുറ്റികള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. വിഷുവിനുപയോഗിക്കാന്‍ വാങ്ങിയതില്‍ ബാക്കിവന്നവയാണ് ഇവയെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
ചാല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ലസ്ന എസ്എസ്എല്‍സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. ഇതേ സ്കൂളിലെ തന്നെ എട്ടാംതരം വിദ്യാര്‍ത്ഥിനിയായ ലിന്‍ന സഹോദരിയാണ്.












Click it and Unblock the Notifications