യുഡിഎഫ് സര്‍ക്കാര്‍ അഞ്ചാംവര്‍ഷത്തിലേക്ക്
തിരുവനന്തപുരം: ഉള്‍പ്പാര്‍ട്ടി പോരുകള്‍ക്കിടെ സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാര്‍ മെയ് 17 ചൊവ്വാഴ്ച അഞ്ചാംവര്‍ഷത്തിലേക്കു കടക്കുന്നു. പ്രശ്നങ്ങള്‍ക്കു നടുവിലും സംസ്ഥാനത്ത് വികസനപ്രവര്‍ത്തനങ്ങളും പുരോഗതിയും കൊണ്ടുവരാനായെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
കഴിഞ്ഞ സപ്തംബറിലാണ് എ. കെ. ആന്റണിയില്‍ നിന്നും ഭരണത്തിന്റെ കടിഞ്ഞാണ്‍ ഉമ്മന്‍ചാണ്ടി ഏറ്റെടുത്തത്. സംസ്ഥാനത്ത് അതിവേഗ വികസനപാത സ്വീകരിച്ച ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞ ഒന്‍പതുമാസത്തിനുള്ളില്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ രാഷ്ട്രീയപ്രതിസന്ധിയായിരുന്നു കെ. കരുണാകരന്റെ വിട്ടുപോകല്‍. കേരള കോണ്‍ഗ്രസ് ജേക്കബ്, പിള്ള ഗ്രൂപ്പുകളുടെ കൂടുമാറ്റവും യുഡിഎഫിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിക്കേറ്റ കനത്ത പരാജയം സര്‍ക്കാരിനു നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തിപകര്‍ന്നു. എന്നാല്‍ തന്റെ വികസന അജന്‍ഡയിലൂടെ പരാജയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതില്‍ ഒരുപരിധി വരെ ഉമ്മന്‍ചാണ്ടിക്ക് വിജയിക്കാനായി.
തന്റെ 100ദിന കര്‍മപരിപാടിയിലൂടെയും ജനസമ്പര്‍ക്കപരിപാടികളിലൂടെയും സംസ്ഥാനത്ത് വികസനമെത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍ ഉമ്മന്‍ചാണ്ടിക്കുണ്ടാക്കാനായി. സംസ്ഥാനത്തെ ഏറെക്കാലത്തെ സ്വപ്നമായ അന്തര്‍ദേശീയ കണ്ടെയ്നര്‍ ടെര്‍മിനലിന് കൊച്ചിയില്‍ പ്രധാനമന്ത്രി തറക്കല്ലിട്ടത് മുന്നണിയുടെ ഒരു പ്രധാനഭരണനേട്ടമായി. ഇതിനു പുറമെ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ ഒരു പെട്രോകെമിക്കല്‍ കോംപ്ലക്സ് സംസ്ഥാനത്തു സ്ഥാപിക്കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നല്‍കുകയും ചെയ്തു.
ഇപ്പോള്‍ സ്ഥലം വിവാദത്തില്‍ പെട്ടുകിടക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയടക്കം ഒരുപിടി പദ്ധതികള്‍ നടപ്പാക്കാന്‍ യുഡിഎഫ് ശ്രമിക്കുമ്പോഴും വികസനപ്രവര്‍ത്തനങ്ങളൊന്നും സമയബന്ധിതമല്ലെന്ന ആരോപണവും അഴിമതിയാരോപണങ്ങളുമായി പ്രതിപക്ഷം സര്‍ക്കാരിനു നേരെ വിരല്‍ചൂണ്ടിയിരിക്കുകയാണ്. ഭരണപക്ഷത്തിനെതിരെ കെ.കരുണാകരന്റെ നേതൃത്വത്തില്‍ ഘടകകക്ഷികളും എതിര്‍ചേരിയിലുണ്ട്.
ജൂണ്‍ രണ്ടിന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പും അടുത്തവര്‍ഷം നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പും യുഡിഎഫ് സര്‍ക്കാരിനുള്ള, അതിനുപരിയായി ഉമ്മന്‍ചാണ്ടിയോടുള്ള ജനഹിതത്തിന്റെ സാക്ഷ്യപത്രമായിരിക്കും.












Click it and Unblock the Notifications