സി. എന്‍. ബാലകൃഷ്ണന്‍ രാജ്യസഭാസ്ഥാനാര്‍ത്ഥിയായേക്കും
തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ സി. എന്‍. ബാലകൃഷ്ണന്‍ രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും. ഇതുസംബന്ധിച്ച് ഏകദേശധാരണയായതായി അറിയുന്നു.
ഇതിനു മുന്നോടിയായി ഇദ്ദേഹത്തിന്റെ പേരിലുള്ള വിജിലന്‍സ് കേസ് അവസാനിപ്പിക്കാന്‍ ആഭ്യന്തരസെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തൃശൂരില്‍ സഹകരണബാങ്ക് ജില്ലാപ്രസിഡന്റായിരിക്കെ 15 ലക്ഷത്തിന്റെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഇടതുസര്‍ക്കാരിന്റെ കാലത്താണ് ബാലകൃഷ്ണനെതിരെ കേസ് രജിസ്റര്‍ ചെയ്തത്.
മുന്‍ ഡിജിപി കെ. ജെ. ജോസഫ്, ജോസഫ് തോമസ് എന്നിവര്‍ വിജിലന്‍സ് ഡയറക്ടര്‍മാരായിക്കെ ഈ കേസ് പിന്‍വലിക്കാന്‍ ഉന്നതങ്ങളില്‍ നിന്നും സമ്മര്‍ദമുണ്ടായിരുന്നെങ്കിലും വിജയിച്ചില്ല. മുന്‍മുഖ്യമന്ത്രി എ. കെ. ആന്റണിയും കേസ് പിന്‍വലിക്കുന്നതിന് എതിരായിരുന്നു.
സി. എന്‍. ബാലകൃഷ്ണനു പുറമെ മുന്‍ എംപി വി. എസ്. ശിവകുമാറിന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നുവെങ്കിലും ഇദ്ദേഹത്തിന് ഒരു പൊതുമേഖലാസ്ഥാപത്തിന്റെ ചുമതല നല്‍കാമെന്നു പറഞ്ഞാണ് മാറ്റിനിര്‍ത്തിയിരിക്കുന്നത്. സീനിയോറിറ്റിയില്‍ മുന്‍ഗണനയും ബാലകൃഷ്ണനാണ്.
എന്നാല്‍ കോണ്‍ഗ്രസിലെ ഘടകകക്ഷികള്‍ രാജ്യസഭാ സീറ്റ് തങ്ങള്‍ക്കു വേണമെന്ന അവകാശവാദത്തിലുറച്ചു നില്‍ക്കുന്നത് കോണ്‍ഗ്രസിനെ കുഴക്കുന്നുണ്ട്. എങ്കിലും കോണ്‍ഗ്രസിന്റെ ഈ സീറ്റ് വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായേക്കില്ല.












Click it and Unblock the Notifications