പ്രതിപക്ഷത്ത് സീറ്റാവശ്യപ്പെട്ട് ജേക്കബ്ബ് സ്പീക്കര്‍ക്ക് കത്തയച്ചു
തിരുവനന്തപുരം: പ്രതിപക്ഷനിരയില്‍ തനിക്കും പാര്‍ട്ടി എംഎല്‍എമാര്‍ക്കും ഇരിപ്പിടം വേണമെന്നാവശ്യപ്പെട്ട് കേരളാകോണ്‍ഗ്രസ് ജെ ഗ്രൂപ്പ് നേതാവ് ടി.എം ജേക്കബ്ബ് സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് കത്തയച്ചു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ പ്രതിപക്ഷത്തിരിക്കാനാവശ്യപ്പെട്ടിട്ടുണ്ടെന്നും കത്തിലുണ്ട്.
യുഡിഎഫ് വിട്ടതായി ആരും കത്തുനല്‍കിയിട്ടില്ലെന്നും സീറ്റുമാറ്റം ആവശ്യപ്പെട്ടിട്ടില്ലെന്നും സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ജേക്കബ്ബ് കത്തുനല്‍കിയിട്ടുള്ളത്.
ഭരണമുന്നണിയായ യു.ഡി.എഫ് വിടാനുള്ള പാര്‍ട്ടി തീരുമാനം വിശദീകരിച്ചാണ് കത്ത് നല്‍കിയത്. ഇത്തരത്തിലൊരു കത്ത് നേരത്തെയും അയച്ചിരുന്നുവെന്നും എന്നാല്‍ അത് നഷ്ടപ്പെടുകയായിരുന്നെന്നും ജേക്കബ് പറഞ്ഞു. നേരത്തെ അയച്ച കത്ത് സ്പീക്കര്‍ക്ക് ലഭിക്കാത്തത് വിവാദമാക്കുന്നില്ല. ഇത്തരത്തിലുള്ള കത്തൊന്നും ലഭിച്ചിട്ടില്ലെന്ന സ്പീക്കറുടെ വെളിപ്പെടുത്തലാണ് വീണ്ടും കത്തു കൊടുക്കാന്‍ കാരണം. നിയമസഭയില്‍ എവിടെ ഇരിക്കണമെന്ന് തീരുമാനിക്കുക അതാത് പാര്‍ട്ടികളാണെന്നും ജേക്കബ് പറഞ്ഞു.നിയമസഭയില്‍ ജേക്കബിന്റെ പാര്‍ട്ടിക്ക് രണ്ട് അംഗങ്ങളാണുളളത്.
യുഡിഎഫ് വിട്ട ബാലകൃഷ്ണപിളളയും ജേക്കബ്ബിനു പിന്നാലെ പ്രതിപക്ഷത്തിരിക്കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കുമെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications