കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനില്‍ ദത്ത് അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രശസ്ത സിനിമാ താരവും കേന്ദ്ര സ്പോര്‍ട്സ്-യുവജനക്ഷേമമന്ത്രിയുമായ സുനില്‍ദത്ത് (76) അന്തരിച്ചു. ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മെയ് 25 ബുധനാഴ്ച പടിഞ്ഞാറന്‍ മുംബൈയിലെ ജൂഹുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

സിനിമാരംഗത്തു നിന്നും രാഷ്ട്രീയത്തിലെത്തിയ സുനില്‍ദത്ത് ഹിന്ദി സിനിമയിലെ സൂപ്പര്‍താരമായിരുന്നു. 106 ചിത്രങ്ങളില്‍ അഭിനയിച്ച സുനില്‍ദത്ത് ആറ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സുനില്‍ദത്ത് അഭിനയിച്ച മദര്‍ഇന്ത്യ ഹിന്ദിയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നാണ്.

1980ല്‍ ഭാര്യയും നടിയുമായ നര്‍ഗീസ് ദത്തിന്റെ മരണത്തെ തുടര്‍ന്നാണ് അദ്ദേഹം സാമൂഹ്യപ്രവര്‍ത്തന രംഗത്തേക്ക് തിരിയുന്നത്. 1984ലാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. സൗത്ത് മുംബൈ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം 1984ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ചു. പ്രമുഖ അഭിഭാഷകന്‍ രാംജെത്മലാനിയ്ക്കെതിരെയായിരുന്നു അദ്ദേഹം മത്സരിച്ചത്.

1989ലും 1991ലും അദ്ദേഹം വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1996, 1998 തിരഞ്ഞെടുപ്പുകളില്‍ സുനില്‍ദത്ത് മത്സരിച്ചില്ല. കഴിഞ്ഞ വര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ശിവസേനാ നേതാവ് സഞ്ജയ് നിരുപത്തെ തോല്പിച്ചാണ് അദ്ദേഹം ലോക്സഭയിലെത്തിയത്.

1929 ജൂണ്‍ ആറിന് കുര്‍ദിലാണ് സുനില്‍ ദത്ത് ജനിച്ചത്. കുര്‍ദ് ഇപ്പോള്‍ പാകിസ്ഥാനിലാണ്. 1955ല്‍ പുറത്തിറങ്ങിയ റെയില്‍വെ പ്ലാറ്റ്ഫോം എന്ന ചിത്രത്തില്‍ നായകനായാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1957ലാണ് സുനില്‍ദത്തിന്റെ ഏറ്റവും പ്രശസ്തചിത്രം മദര്‍ ഇന്ത്യ പുറത്തിറങ്ങിയത്.1967ല്‍ പുറത്തിറങ്ങിയ മെഹറുബാന്‍, മിലന്‍, ഹംറാസ് എന്നീ മൂന്ന് ചിത്രങ്ങളും വന്‍വിജയമായതോടെ സുനില്‍ദത്തിന്റെ ഹിന്ദിയിലെ സൂപ്പര്‍താരമൂല്യം ഏറി.

ബോളിവുഡ് താരം സഞ്ജയ് ദത്ത് മകനാണ്. നമ്രത, പ്രിയ എന്നിവരാണ് മറ്റു മക്കള്‍. സഞ്ജയ് ദത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മുന്നാഭായി എംബിബിഎസ്സില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ സഞ്ജയ്ദത്തിന്റെ അച്ഛനായി തന്നെയാണ് സുനില്‍ ദത്ത് അഭിനയിച്ചത്. സഞ്ജയ് ദത്ത് ഒടുവില്‍ അഭിനയിച്ച ചിത്രമായിരുന്നു ഇത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X