മെഡിക്കല്‍ കോളജ് വികസനത്തിന് 168 കോടി
തിരുവനന്തപുരം: സംസ്ഥാത്തെ മെഡിക്കല്‍ കോളജുകളുടെ വികസനത്തിന് 168 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ജൂണ്‍ ഒന്‍പത് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
കുറഞ്ഞ ചെലവില്‍ ഗുണനിലവാര ചികിത്സ ഉറപ്പു വരുത്താനാണ് മെഡിക്കല്‍ കോളജുകളില്‍ വികസന പദ്ധതി നടപ്പാക്കുന്നത്. ഹഡ്കോ വായ്പയെടുത്താകും ഈ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിനായി 44 കോടി ഹഡ്കോയില്‍ നിന്നും ഉടനെടുക്കും. ആലപ്പുഴ, കോട്ടയം, തൃശൂര്‍ എന്നീ മെഡിക്കല്‍ കോളജുകളുടെ വിപുലീകരണത്തിന് 124 കോടിയുടെ പദ്ധതി തയാറാക്കി ഹഡ്കോയ്ക്ക് നല്‍കിയിട്ടുണ്ട്.
കണ്ണൂരിലെ വെസ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് കമ്പനിയുടെ പുനരുദ്ധാരണത്തിനുള്ള പദ്ധതി മന്ത്രിസഭായോഗം അംഗീകരിച്ചു. കമ്പനിക്ക് കെഎസ്ഐഡിസി 20 കോടി വായ്പ നല്‍കും. വൈദ്യുതി ബോര്‍ഡിന് നികുതിയിനത്തിലും പലിശയുമായി നല്‍കേണ്ടിയിരുന്ന കുടിശിക ഇളവു ചെയ്യാനും തീരുമാനമായി.
കാപ്പി പ്ലാന്റേഷന് 500 ഏക്കര്‍ വനഭൂമി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ന്യൂമുംബൈയില്‍ നാലുകോടി രൂപയ ചെലവില്‍ സംസ്ഥാനസര്‍ക്കാര്‍ അതിഥിമന്ദിരം നിര്‍മിക്കും. വാഴക്കാട്, വട്ടക്കുളം, നാദാപുരം എന്നിവിടങ്ങളില്‍ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ അപ്ലൈഡ് സയന്‍സ് കോളജുകള്‍ തുടങ്ങാനും മന്ത്രിസഭായോഗം തീരുമാനിച്ചു.












Click it and Unblock the Notifications