സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് വീഴ്ച: കാരാട്ട്
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എ. കെ. ആന്റണിക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത് വീഴ്ചയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ചൂണ്ടിക്കാട്ടി.
കൊല്‍ക്കത്തയില്‍ നടന്ന പോളിറ്റ് ബ്യൂറോ യോഗത്തിലുണ്ടായ വിലയിരുത്തല്‍ കാരാട്ട് സെക്രട്ടറിയേറ്റിനെ അറിയിക്കുകയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷത്തിനെതിരായ പരാമര്‍ശമാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ കാരാട്ട് നടത്തിയത്. സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന വി. എസ്. അച്യുതാനന്ദന്റെ പ്രസ്താവനയ്ക്കു കടകവിരുദ്ധമായി വേണ്ട ചര്‍ച്ചകളൊന്നും നടത്താതെ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടെന്ന് ഔദ്യോഗികപക്ഷം തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെ സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് പിന്നീട് വി. എസ് പറഞ്ഞിരുന്നു.
മലപ്പുറം സംസ്ഥാന സമ്മേളനത്തെ കുറിച്ചുള്ള വിലയിരുത്തല്‍ ജൂണ്‍ എട്ട് ബുധനാഴ്ച തുടങ്ങിയ യോഗത്തിലുണ്ടാവും. സംസ്ഥാന സമ്മേളനത്തില്‍ കടുത്ത വിഭാഗീയത നടന്നുവെന്നും വോട്ടെടുപ്പ് ഒഴിവാക്കേണ്ടതായിരുന്നുവെന്നുമാണ് യോഗത്തിന്റെ പരിഗണനയിലിരിക്കുന്ന അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യാഴാഴ്ചയും യോഗം തുടരും.












Click it and Unblock the Notifications