വിഎച്ച്പി സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്ന് ബിജെപി
ചെന്നൈ: എല്‍.കെ അദ്വാനി രാഷ്ട്രീയമുപേക്ഷിക്കണമെന്ന വിഎച്ച്പിയുടെ ആവശ്യം ബിജെപി തള്ളി. സ്വന്തം കാര്യം മാത്രം നോക്കിയാല്‍ മതിയെന്നും വിഎച്ച്പിയോട് ബിജെപി പറഞ്ഞു. ബിജെപി വൈസ് പ്രസിഡന്റ് വെങ്കയ്യനായിഡുവാണ് കടുത്ത ഭാഷയില്‍ വിഎച്ച്പിയുടെ പ്രസ്താവനയെക്കുറിച്ചുള്ള പാര്‍ട്ടി നയം വ്യക്തമാക്കിയത്.
ബിജെപിയുടെ പ്രസിഡന്റ് ആരായിരിക്കണമെന്ന് ബിജെപിയാണ് തീരുമാനിക്കുക. ഇക്കാര്യത്തില്‍ വിഎച്ച്പി ബുദ്ധിമുട്ടേണ്ടതില്ല. ദേശീയ ജനാധിപത്യപാര്‍ട്ടിയെന്ന നിലക്ക് തങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ തങ്ങള്‍ക്കറിയാം.
വിഎച്ച്പിയുടെ നിര്‍ദേശങ്ങളോ ആവശ്യങ്ങളോ ബിജെപിക്കു സ്വീകാര്യമല്ല. ഹിന്ദുത്വത്തിനും ദേശീയതക്കും അദ്വാനി നല്‍കിയിട്ടുള്ള സംഭാവനകള്‍ക്ക് അതുല്യമാണ്. ജീവിതത്തിലും ആദര്‍ശം കാത്തുസൂക്ഷിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവി കൊണ്ട് പാര്‍ട്ടിക്ക് ധാരാളം നേട്ടങ്ങളുണ്ടായിട്ടുണ്ട്.വോട്ടുബാങ്കില്‍ കണ്ണുവച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ അനുകരിച്ചുവന്ന പൊള്ളയായ മതേതര അവകാശവാദങ്ങള്‍ പൊളിച്ചതും മതേതരത്വത്തിന്റെ ശരിയായ നിര്‍വചനം പ്രചരിപ്പിച്ചതും അദ്വാനിയാണ്.
പാര്‍ട്ടി നിര്‍ബന്ധം ചെലുത്തിയതു കൊണ്ടുമാത്രമാണ് പ്രസിഡന്റു സ്ഥാനത്തു നിന്നുള്ള രാജി പിന്‍വലിക്കാന്‍ അദ്വാനി തയ്യാറായത്. അതുകൊണ്ട് വിഎച്ച്പി ആവശ്യമംഗീകരിക്കേണ്ട സാഹചര്യം അദ്ദേഹത്തിനില്ല.
പാകിസ്ഥാനില്‍ വച്ച് ജിന്നയെക്കുറിച്ച് അദ്വാനി നടത്തിയ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. പാക് നിയമസഭയില്‍ ജിന്ന നടത്തിയ പ്രസ്താവന പുനരാവര്‍ത്തിക്കുക മാത്രമാണ് അദ്വാനി ചെയ്തത്.
ഇക്കാര്യം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്തു കഴിഞ്ഞ വിഷയമാണ്. ഇതിപ്പോഴൊരു അടഞ്ഞ അധ്യായവുമാണ്. ഇനിയിതിനെപ്പറ്റി ചര്‍ച്ചകളുടെ ആവശ്യമില്ല.
ജിന്ന മതേതരവാദിയാണെന്ന് അദ്വാനി പറഞ്ഞിട്ടില്ല. പാക് രാഷ്ട്രപിതാവ് ജിന്നയാണെങ്കിലും ജിന്നയുടെ ഇരുരാഷ്ട്രമെന്ന ആശയം ബിജെപി അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രമേയം പാസാക്കിയെന്നും നായിഡു പറഞ്ഞു.












Click it and Unblock the Notifications