എംഎല്‍എമാര്‍ 22ന് കരുണാകരനെ കാണും
തിരുവനന്തപുരം: നാഷണല്‍ കോണ്‍ഗ്രസിനോട് ആഭിമുഖ്യമുള്ള എംഎല്‍എമാര്‍ ജൂണ്‍ 22ന് കരുണാകരനെ കാണും. എംഎല്‍എമാരുടെ രാജി സംബന്ധിച്ച കാര്യം ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.
എംഎല്‍എ ഫണ്ട് പ്രകാരമുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കുന്നതിന് രാജി വയ്ക്കാന്‍ സാവകാശം വേണമെന്ന അഭിപ്രായം എല്ലാ എംഎല്‍എമാര്‍ക്കും ഉണ്ട്. എംഎല്‍എമാര്‍ നടത്തിയ ചര്‍ച്ചകളില്‍ ഈ അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചിരിക്കുന്നതും. രാജിയെ സംബന്ധിച്ചുള്ള അഭിപ്രായം കൂടിക്കാഴ്ചയില്‍ എംഎല്‍എമാര്‍ കരുണാകരനെ അറിയിക്കും. എന്നാല്‍ രാജി വയ്ക്കണമെന്നാണ് കരുണാകരന്‍ തീര്‍ത്തുപറയുന്നതെങ്കില്‍ ഇവര്‍ രാജി വയ്ക്കാന്‍ നിര്‍ബന്ധിതരാകും.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ വോട്ടെടുപ്പുണ്ടാകുമോയെന്നതും രാജി നടപ്പാക്കുന്നതില്‍ പ്രധാനമാകും. നിയമസഭയില്‍ വോട്ടെടുപ്പു വേണ്ടിവന്നാല്‍ എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് കരുണാകരന്‍ പ്രസ്താവിച്ചിരുന്നു.
രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എംഎല്‍എമാര്‍ക്ക് സ്വതന്ത്യ്രമുണ്ടെന്ന് കരുണാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഒന്‍പതു എംഎല്‍എമാരാണ് കരുണാകരപക്ഷത്തുള്ളത്. ഇവരിലെത്രപേര്‍ രാജി വയ്ക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.












Click it and Unblock the Notifications