ബിജെപി നേതാവ് സുന്ദര്‍സിംഗ് ഭണ്ഡാരി അന്തരിച്ചു
ദില്ലി: പ്രമുഖ ബിജെപി നേതാവ് സുന്ദര്‍സിംഗ് ഭണ്ഡാരി (84) അന്തരിച്ചു. ജൂണ്‍ 22 ബുധനാഴ്ച പുലര്‍ച്ചെ കല്‍ക്കാജിയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. കുറച്ച് നാളുകളായി രോഗബാധിതനായിരുന്നു.
ഭാരതീയ ജനസംഘിന്റെ സ്ഥാപക അംഗമായ അദ്ദേഹം പാര്‍ട്ടി സീനിയര്‍ വൈസ്പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ബീഹാര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഭണ്ഡാരി ഗവര്‍ണറായിരുന്നു.
ഗുജറാത്ത് കലാപം തടയാന്‍ നടപടികളെടുക്കാത്തതിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ വിമര്‍ശനമുയര്‍ത്തിയതോടെ അദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സംഭവത്തെപ്പറ്റി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പിന്നീട് മോഡിക്കെതിരായ പരാമര്‍ശം പിന്‍വലിച്ചെങ്കിലും കലാപത്തെപ്പറ്റി അന്വേഷണം വേണമെന്ന ആവശ്യത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയായിരുന്നു. എല്‍. കെ. അദ്വാനിയുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് ബിജെപിയിലുണ്ടായ സംഭവവികാസങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നില്ല.
ബിജെപി വൈസ്പ്രസിഡന്റ് വെങ്കയ്യനായിഡു, ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷി എന്നിവരടക്കമുള്ള നേതാക്കള്‍ ഭണ്ഡാരിയുടെ വസതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ശവസംസ്കാരം ദില്ലിയില്‍ നടക്കും. അവിവാഹിതനാണ്.












Click it and Unblock the Notifications