ഗ്രേഡിംഗ് സമ്പ്രദായം വന്നതോടെ ആത്മഹത്യകളില്ലാതായി
തിരുവനന്തപുരം: ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചതിനു ശേഷം വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത ഒരു സംഭവം പോലുമുണ്ടായില്ല. ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയതിന്റെ ഗുണഫലമാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ച ദിവസം ഏഴ് വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റതിലുണ്ടായ മനോവിഷമത്തില്‍ മൊത്തം 17 വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം സ്വയം ജീവനൊടുക്കിയത്. എസ്എസ്എല്‍സി ഉള്‍പ്പെടെയുള്ള വിവിധ പരീക്ഷകളില്‍ തോറ്റതിനെ തുടര്‍ന്ന് 79 വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത്.
ഗ്രേഡിംഗ് സമ്പ്രദായത്തിന്റെ അക്കാദമിക്കലായ ഗുണദോഷ വശങ്ങളെ കുറിച്ച് ചര്‍ച്ച തുടരുമ്പോഴും എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റതിന്റെ പേരിലുള്ള ആത്മഹത്യകളില്ലാതായത് ഒരു വലിയ ഗുണഫലമായി വിലയിരുത്തപ്പെടുന്നു.
ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടുവന്നതോടെ വിദ്യാര്‍ഥികളുടെ മാര്‍ക്കുകള്‍ താരതമ്യം ചെയ്യാനാവില്ല. തോറ്റ വിദ്യാര്‍ഥികളില്‍ മനോവിഷമമുണ്ടാക്കുന്ന ഈ സ്ഥിതി ഒഴിവായതാണ് ആത്മഹത്യകള്‍ ഇല്ലാതായതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ആത്മഹത്യ പ്രവണത കാണിക്കുന്നവര്‍ക്ക് കൗണ്‍സിംലിംഗ് നല്‍കുന്ന കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി എന്ന സ്ഥാപനത്തില്‍ ഇത്തവണ എസ്എസ്എല്‍സി വിദ്യാര്‍ഥികളില്‍ നിന്ന് ലഭിച്ച ടെലഫോണ്‍ കോളുകള്‍ കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് കുറവായിരുന്നു. എസ്എസ്എല്‍സി വിദ്യാര്‍ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നുമായി അഞ്ഞൂറോളം കോളുകള്‍ കഴിഞ്ഞ വര്‍ഷം വന്നെങ്കില്‍ ഇത്തവണ 300 കോളുകളാണുണ്ടായത്.












Click it and Unblock the Notifications