മന്ത്രിസഭാ പുന:സംഘടന ശനിയാഴ്ചയുണ്ടായേക്കും
ദില്ലി: കേന്ദ്രമന്ത്രിസഭ ജൂണ്‍ 25 ശനിയാഴ്ച പുന:സംഘടിപ്പിച്ചേക്കും. ജെഎംഎം നേതാവ് ഷിബു സോറന്‍ കരിക്കരി മന്ത്രിയായി മന്ത്രിസഭയില്‍ തിരിച്ചെത്തിയേക്കും.
രാജ്യസഭാംഗമായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന എ. കെ. ആന്റണിയെ മന്ത്രിസഭയിലുള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കേരളത്തില്‍ നിന്ന് വയലാര്‍ രവിയുടെ പേരും പരിഗണിക്കുന്നുണ്ട്. എന്നാല്‍ ആന്റണി മന്ത്രിയാവാന്‍ ഒരുക്കമല്ലെങ്കില്‍ മാത്രമേ രവിക്ക് നറുക്ക് വീഴാന്‍ സാധ്യതയുള്ളൂ.
എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണി, മോത്തിലാല്‍ വോറ തുടങ്ങിയവരെയും മന്ത്രിസഭയിലുള്‍പ്പെടുത്തിയേക്കും. വാര്‍ത്താ പ്രക്ഷേപണ മന്ത്രി ജയ്പാല്‍ റെഡ്ഢി, ഊര്‍ജമന്ത്രി പി. എം. സെയ്ദ് എന്നിവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്. വാര്‍ത്താ പ്രക്ഷേപണ വകുപ്പായിരിക്കും അംബികാ സോണിക്ക് ലഭിക്കുക. സെയ്ദിന്റെ ഒഴിവില്‍ ഊര്‍ജവകുപ്പ് വോറക്ക് നല്‍കിയേക്കും.
സുനില്‍ദത്തിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സ്പോര്‍ട്സ് വകുപ്പ് സുരേഷ് കല്‍മാഡിക്കോ ഗുരുദാസ് കമ്മത്തിനോ നല്‍കിയേക്കും.












Click it and Unblock the Notifications