കന്യാസ്ത്രീക്ക് ബാര്‍ കൗണ്‍സില്‍ എന്‍റോള്‍മെന്റ് നിഷേധിച്ചു
കൊച്ചി: അഭിഭാഷകയായി എന്‍റോള്‍ ചെയ്യാന്‍ കന്യാസ്ത്രീയെ കേരളബാര്‍ കൗണ്‍സില്‍ അനുവദിക്കാത്തത് വിവാദമാകുന്നു.
എംജി സര്‍വകലാശാലയില്‍ നിന്നും നിയമബിരുദമെടുത്ത സിസ്റര്‍ ടീനാ ജോസിനെയാണ് വക്കീലായി എന്‍റോള്‍ ചെയ്യുന്നതില്‍ നിന്നും ബാര്‍ കൗണ്‍സില്‍ തടഞ്ഞിരിക്കുന്നത്. മതപരമായ ജോലികള്‍ ചെയ്യുന്ന വ്യക്തിയെന്ന കാരണം പറഞ്ഞാണ് കൗണ്‍സില്‍ ഇവരെ എന്‍റോള്‍ ചെയ്യുന്നതില്‍ നിന്നും തടഞ്ഞിരിക്കുന്നത്. ഇതിനെതിരെ ടീന ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
ആലപ്പുഴയിലെ മദര്‍ കാര്‍മല്‍ രൂപതയിലെ കന്യാസ്ത്രീയായ ടീനക്കെതിരെയുള്ള ബാര്‍ കൗണ്‍സില്‍ നിലപാട് വ്യാപകമായ പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. ഇത് നിയമപരമായ അസമത്വമാണെന്ന് കത്തോലിക്കാ സഭയുടെ വക്താവ് ഫാദര്‍ പോള്‍ തെലേക്കാട്ട് പറഞ്ഞു. ഭരണഘടനയിലെ 19 ജി വകുപ്പു പ്രകാരം ഒരു വ്യക്തിക്ക് ഇഷ്ടമുള്ള തൊഴിലോ കച്ചവടമോ ചെയ്യാന്‍ സ്വാതന്ത്യ്രമുണ്ടെന്നും ടീനക്കും ഇത് ലഭിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ടീനയുടെ വക്കീല്‍ വര്‍ഗീസ് ഉറുമീസ് പറഞ്ഞു.
ഇതിനു മുന്‍പ് കേരളത്തില്‍ നിന്നുള്ള നിരവധി കന്യാസ്ത്രീമാരും വൈദികന്‍മാരും വക്കീലായി ബാര്‍ കൗണ്‍സിലില്‍ എന്‍റോള്‍ ചെയ്തിട്ടുണ്ട്. അവരില്‍ പലരും ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നുമുണ്ട്. എന്നാല്‍ തങ്ങള്‍ ആ സമയത്ത് കൗണ്‍സിലില്‍ ഉണ്ടായിരുന്നില്ലെന്നാണ് ബാര്‍ കൗണ്‍സില്‍ അധികൃതരുടെ വിശദീകരണം. തങ്ങളുടെ മുന്‍ഗാമികള്‍ ചെയ്തത് തെറ്റല്ലെന്നു പറയുമ്പോള്‍ തന്നെ ടീനയോടും തങ്ങള്‍ പക്ഷപാതപരമായല്ല പെരുമാറിയതെന്നും ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നു.
ബാര്‍ കൗണ്‍സില്‍ തീരുമാനം ഹൈക്കോടതി ശരിവച്ചാല്‍ വക്കീലായി എന്‍റോള്‍ ചെയ്തിട്ടുള്ള എല്ലാ കന്യാസ്ത്രീകള്‍ക്കും വൈദികന്‍മാര്‍ക്കുമുള്ള ലൈസന്‍സ് റദ്ദാക്കുമെന്ന് കൗണ്‍സില്‍ അംഗം സദാനന്ദപ്രഭു പറഞ്ഞു. എന്നാല്‍ കോടതി തീരുമാനം മറിച്ചാണെങ്കില്‍ നടപടിക്രമങ്ങള്‍ അതനുസരിച്ചു നടക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications