ഐടി, ആരോഗ്യമേഖലകളില്‍ ഖത്തര്‍ സര്‍ക്കാര്‍ നിക്ഷേപമിറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി, ആരോഗ്യമേഖലകളില്‍ ഖത്തര്‍ സര്‍ക്കാര്‍ നിക്ഷേപമിറക്കും. ഖത്തര്‍ വിദേശകാര്യമന്ത്രി അഹമ്മദ് ബിന്‍ അബ്ദുള്ള അല്‍മുഹമ്മദ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
അടിസ്ഥാനസൗകര്യവികസനം, പെട്രോകെമിക്കല്‍സ് നിര്‍മാണമേഖല, ടൂറിസം രംഗങ്ങള്‍ക്കും പുതിയ സ്ഥാപനങ്ങള്‍ക്കും ഖത്തര്‍ സര്‍ക്കാര്‍ പണം മുടക്കും.
കോവളത്ത് ജൂണ്‍ 22 ബുധനാഴ്ച വൈകീട്ടു നടന്ന ചര്‍ച്ചയില്‍ സംസ്ഥാനസര്‍ക്കാരിനെ പ്രതിനിധീകരിച്ച് കെഎസ്ഐഡിസി ഇരുപതില്‍ പരം പദ്ധതികള്‍ ഖത്തര്‍ സംഘത്തിനു മുന്‍പില്‍ അവതരിപ്പിച്ചു.
ഇവയില്‍ ആരോഗ്യരംഗത്തും ഐടി വികസനരംഗത്തുമുള്ലള നിക്ഷേപം കൊണ്ട് ഇരുകൂട്ടര്‍ക്കും ഒരുപോലെ പ്രയോജനം ലഭിക്കുമെന്ന ആദ്യചര്‍ച്ചയില്‍ തന്നെ ബോധ്യമായതായി ഖത്തര്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ഖത്തറിലേക്ക് കൂടുതല്‍ മലയാളികള്‍ക്ക് വിസ അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിസ അനുവദിക്കുന്നതില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യസഹമന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ താമസിയാതെ പരിഹാരമുണ്ടാകും. ഖത്തറിന്റെ കോണ്‍സുലേറ്റ് കേരളത്തില്‍ തുടങ്ങുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തെ പ്രതിനിധീകരിച്ച് വ്യവസായ വകുപ്പുമന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ്, കെഎസ്ഐഡിസി എംഡി പി. എച്ച്. കുര്യന്‍, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജോണ്‍ മത്തായി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications