മുന്ന വധം: ഉന്നതപൊലീസ് ഉദ്യോഗസ്ഥരും കുറ്റക്കാര്‍
കൊച്ചി: കോളിളക്കം സൃഷ്ടിച്ച അബ്കാരി കോണ്‍ട്രാക്ടര്‍ മുന്നയെ കൊല്ലപ്പെടുത്തിയ കേസില്‍ അഡീഷണല്‍ ഡിജിപിയും ഇപ്പോഴത്തെ കെഎസ്ആര്‍ടിസി എംഡിയുമായ കെ.പി. സോമരാജന്‍, മുന്‍ ഡിജിപി സി. സുബ്രഹ്മണ്യം, എസ്പി പി. ചന്ദ്രന്‍, റിട്ട ഡിവൈഎസ്പി എന്‍.കെ. ശശി, മണ്ണാര്‍ക്കാട് മുന്‍ എംഎല്‍എ പി. കുമാരന്‍, മകന്‍ സുധീഷ് എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു.
പോസ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ കെ.രാമചന്ദ്രന്‍, പൊലീസ് സര്‍ജനായ പി. ഉമാദത്തന്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. തെളിവുകള്‍ നശിപ്പിക്കലും ക്രിമിനല്‍ ഗൂഢാലോചനയുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെയുള്ള കുറ്റം.
ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് സിബിഐ പ്രതിപ്പട്ടിക കോടതിയില്‍ ഹാജരാക്കിയത്. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും സിബിഐയുടെ ആസ്ഥാനത്ത് പരിശോധനയ്ക്കായി കുറ്റപത്രം അയച്ചിരിക്കുകയാണെന്നും കോടതിയെ ഇവര്‍ ബോധിപ്പിച്ചു.
സിബിഐ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി കിട്ടിയാലുടന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. അതീവ രഹസ്യമായി നടന്ന അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ട പ്രതികളുടെ പേരു വിവരം ആദ്യമായാണ് സിബിഐ പുറത്തുവിടുന്നത്.
1992ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ശ്രീകൃഷ്ണപുരത്തെ പ്രമുഖ അബ്കാരിയായ കെ.ജി. മുന്നയുടെ മൃതദേഹം പാലക്കാട്ടെ ചുവളശേരി കുന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ 1992 ഏപ്രില്‍ പത്തിന് കണ്ടെത്തുകയായിരുന്നു. അബ്കാരി കുടിപ്പകയായിരുന്നു മുന്നയുടെ കൊലയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്.
തുടര്‍ന്ന് സംസ്ഥാന പൊലീസ് കേസ് അന്വേഷിച്ചു. ഈ അന്വേഷണത്തിനിടെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിച്ചത്. കേസന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് മുന്നയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചു. കോടതിയാണ് കേസ് അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തിയത്.












Click it and Unblock the Notifications