എന്‍സിഐയോട് അടുക്കുന്നത് സിപിഎമ്മിന് ദോഷം ചെയ്യും: ഈച്ചരവാര്യര്‍
തൃശൂര്‍: കെ. കരുണാകരന്റെ പാര്‍ട്ടിയുമായി സഹകരിക്കാന്‍ ശ്രമിക്കുന്നത് സിപിഎമ്മിന് ദോഷം ചെയ്യുമെന്ന് അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി രാജന്റെ പിതാവ് പ്രൊഫ. ഈച്ചരവാര്യര്‍ പറഞ്ഞു.
പാര്‍ട്ടിയെ സ്നേഹിക്കുന്നവരെ ഈ തീരുമാനം ദുഃഖിപ്പിക്കും. കരുണാകരന്റെ പ്രവൃത്തികളെല്ലാം അറിയാവുന്ന ആര്‍ക്കും ഈ തീരുമാനത്തെ അംഗീകരിക്കാന്‍ കഴിയില്ല. ഇത് സിപിഎമ്മിന് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ- ഈച്ചര വാര്യര്‍ പറഞ്ഞു. അടിയന്തരാവസ്ഥയുടെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പിയുസിഎല്ലിന്റെഅനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഈച്ചര വാര്യര്‍.
കരുണാകരനോടുള്ള സമീപനത്തില്‍ സിപിഎം നേതാക്കള്‍ക്ക് ഇത്തരമൊരു ചാഞ്ചാട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ല. സിപിഎം അണികള്‍ കാര്യങ്ങള്‍ പഠിക്കുന്നില്ല. പഠിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ നടക്കുന്നതൊന്നും കണ്ടുകൊണ്ടിരിക്കില്ല.
രാജന് വേണ്ടിയുള്ള പോരാട്ടം മഹാപ്രസ്ഥാനമാക്കി മാറ്റുന്നതില്‍ സിപിഎം വലിയ പങ്ക് വഹിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സിപിഎം തന്നെ അവഗണിക്കുകയാണ്. കാടും മേടും കയറുന്ന അത്യാധ്വാനം ചെയ്യുന്ന നേതാവായാണ് വി. എസ്. അച്യുതാനന്ദനെ കണ്ടിട്ടുള്ളതെന്നും എന്നാല്‍ പിണറായി വിജയന്‍ അങ്ങനെയല്ലെന്നും ഈച്ചരവാര്യര്‍ പറഞ്ഞു.












Click it and Unblock the Notifications