സുനാമി ബാധിതരുടെ ദുരിതം തുടരുന്നു
ആറാട്ടുപുഴ: സുനാമി ദുരന്തം കഴിഞ്ഞിട്ട് ആറ് മാസമായിട്ടും ദുരന്തബാധിതരുടെ ദുരിതം തുടരുകയാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അധികൃതരുടെ ഉറപ്പുകള്‍ ജലരേഖയായപ്പോള്‍ ഇപ്പോഴും മെച്ചപ്പെട്ട താമസസൗകര്യത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ് അവര്‍.
ജൂണ്‍ 26ന് സുനാമി ദുരന്തം കഴിഞ്ഞ് ആറ് മാസം തികയുകയാണ്. ഇപ്പോഴും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പ്രാരംഭദശയില്‍ നിന്നും കാര്യമായി മുന്നോട്ടുപോയിട്ടില്ല. പുനരധിവാസം സംബന്ധിച്ച മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ രാഷ്ട്രീയനേതാവിന്റെ പാഴ്വാക്കുകള്‍ മാത്രമായി.
തങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് താത്കാലിക ഷെല്‍ട്ടറുകളിലും ക്യാമ്പുകളിലും താമസം തുടരുന്ന സുനാമബാധിതര്‍ പറയുന്നത്.
ഡിസംബര്‍ 26ന് സുനാമി ദുരന്തമുണ്ടായതിന് ശേഷം 18 കുടുംബങ്ങള്‍ ആറാട്ടുപുഴയിലെ ഒരു സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഇപ്പോഴും താമസം തുടരുകയാണ്. രാവിലെ വിദ്യാര്‍ഥികളെത്തുമ്പോഴേക്കും ഇവര്‍ സ്കൂള്‍ പരിസരം വിട്ടുപോകണം. പിന്നീട് വൈകുന്നേരം മാത്രമേ ഇവിടെ തിരിച്ചുവരാനാകൂ. കഴിഞ്ഞ ആറ് മാസമായി ഈ കുടുംബങ്ങളുടെ സ്ഥിതി ഇതാണ്.
തൊട്ടടുത്തുള്ള പല ഗ്രാമങ്ങളിലും താത്കാലിക താമസൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയപ്പോള്‍ ഈ കുടുംബങ്ങള്‍ ഇപ്പോഴും സ്കൂളിലെ ക്യാമ്പില്‍ തുടരേണ്ട ഗതിയിലാണ്. ഈ പ്രദേശത്ത് സുനാമി ദുരന്തം കാര്യമായ നഷ്ടങ്ങളുണ്ടാക്കിയിട്ടില്ലെന്നതാണ് ഇവര്‍ക്ക് അത്തരം സൗകര്യങ്ങള്‍ നിഷേധിക്കുന്നതിന് കാരണമായി അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ കഴിഞ്ഞ ആറുമാസമായി അധികൃതര്‍ തങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് ക്യാമ്പിലെ അന്തേവാസികളുടെ പരാതി.
ഇവരെ സ്കൂള്‍ പരിസരത്തു നിന്നും പുറത്താക്കാനാണ് സ്കൂള്‍ അധികൃതരുടെ ശ്രമം. ഇവര്‍ ഇവിടെ താമസിക്കുന്നതിനാല്‍ സ്കൂളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താനാവുന്നില്ലെന്നാണ് സ്കൂള്‍ മാനേജ്മെന്റ് പറയുന്നത്. ഏതാനും ദിവസം മുമ്പ് സ്കൂള്‍ അധികൃതര്‍ ഇവരുടെ സാധനങ്ങളൊക്കെ പുറത്തേക്കെറിഞ്ഞിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഇവര്‍ സ്കൂളില്‍ താമസം തുടരുകയാണ്.
കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശത്ത് കടലാക്രമണം ശക്തമായി തുടരുകയാണ്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ സ്കൂള്‍ താത്കാലികമായി അടച്ചിടേണ്ടിവരും. അതോടെ തങ്ങള്‍ വെളിയിലാവുമെന്ന ആശങ്കയിലാണ് ക്യാമ്പ് നിവാസികള്‍.












Click it and Unblock the Notifications