ബാംഗ്ലാദേശ് ഹെലികോപ്റ്റര്‍ വ്യോമാതിര്‍ത്തി ലംഘിച്ചു
അഗര്‍ത്തല: ബംഗ്ലാദേശ് കരസേനയുടെ ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമപ്രദേശത്ത് അതിക്രമിച്ചു കടന്നു. സൗത്ത് ത്രിപുര ജില്ലയിലെ സബ്റൂം സബ്ഡിവിഷനിലെ വിവിധ സ്ഥലങ്ങളിലാണ് ബംഗ്ലാദേശ് ഹെലികോപ്റ്റര്‍ വ്യോമാതിര്‍ത്തി ലംഘിച്ച് സഞ്ചരിച്ചത്.
രണ്ട് മാസത്തിനുലള്ളില് ഇത് രണ്ടാമത്തെ തവണയാണ് ബംഗ്ലാദേശ് ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമപ്രദേശത്തേക്ക് അതിക്രമിച്ചു കടക്കുന്നതെന്ന് അതിര്‍ത്തി സുരക്ഷാസേനയിലെ ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു. അന്വേഷണത്തിനായി ഇക്കാര്യം വ്യോമസേനാ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹെലികോപ്റ്റര്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനു പിന്നിലെ ഉദ്ദേശ്യം വ്യക്തമായിട്ടില്ല. തുടര്‍ന്നും വ്യോമപ്രദേശത്ത് അതിക്രമിച്ചുകടക്കുകയാണെങ്കില് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ത്രിപുരയിലെ അതിര്‍ത്തി ഔട്ട്പോസ്റുകളിലേക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റത്തെ ചൊല്ലി ബിഎസ്എഫും ബംഗ്ലാദേശ് സേനയും തമ്മില്‍ ഏപ്രില്‍ 22ന് വെടിവയ്പുണ്ടായപ്പോള്‍ ബംഗ്ലാദേശ് കരസേനയുടെ ഒരു ഹെലികോപ്റ്റര്‍ ഇന്ത്യന്‍ വ്യോമപ്രദേശത്ത് അതിക്രമിച്ചുകടന്നിരുന്നു.