ദേശീയ വികസന കൗണ്‍സില്‍ യോഗം തുടങ്ങി
ദില്ലി: ദേശീയ വികസന കൗണ്‍സിലിന്റെ 51-ാമത് യോഗം ജൂണ്‍ 27 തിങ്കളാഴ്ച ദില്ലിയില്‍ തുടങ്ങി. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗം രണ്ടു ദിവസം നീണ്ടുനില്‍ക്കും.
പത്താം പഞ്ചവല്‍സര പദ്ധതിയുടെ പുരോഗതിയാണ് യോഗത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയം. പത്താം പദ്ധതിയുടെ ഇടക്കാല വിലയിരുത്തലിലെ 377 ശുപാര്‍ശകളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
സംസ്ഥാന മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ വികസന കൗണ്‍സിലിന്റെ യുപിഎ സര്‍ക്കാരിന്റെ ഭരണക്കാലത്തെ ആദ്യത്തെ യോഗമാണിത്.
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍, ആഭ്യന്തര വിമാന സര്‍വീസുകളിലെ വിദേശ പങ്കാളിത്തം അനുവദിക്കുക, വൈദ്യുത മേഖലയിലെ പരിഷ്കാരങ്ങള്‍, ജലസേചനം തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
ആസൂത്രണ കമ്മിഷനിലെ മുഴുവന്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം, പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജി, കൃഷിമന്ത്രി ശരത്പവാര്‍, മാനവികവിഭവശേഷി മന്ത്രി അര്‍ജുന്‍സിംഗ്, റെയില്‍വെമന്ത്രി ലാലുപ്രസാദ് യാദവ്, ഐടി മന്ത്രി ദയാനിധി മാരന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications