സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പുവയ്ക്കരുത്: രാജഗോപാല്‍
കൊച്ചി: സ്മാര്‍ട്ട് സിറ്റി കരാര്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കു പ്രതികൂലമായതിനാല്‍ ഒരു കാരണവശാലും അതില്‍ ഒപ്പുവയ്ക്കരുതെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കുന്നതില്‍ നിന്ന് ഇന്റര്‍നെറ്റ് സിറ്റി പിന്‍മാറിയാല്‍ കേരളത്തിനു വന്‍നഷ്ടമുണ്ടാകുമെന്ന് വരുത്തിത്തീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് ശരിയല്ല.സ്മാര്‍ട്ട് സിറ്റി പോലൊരു പദ്ധതി നടപ്പാക്കണമെങ്കില്‍ ബംഗാള്‍ സര്‍ക്കാരിനെപ്പോലെ ആഗോളടെന്‍ഡര്‍ വിളിച്ച് കരാര്‍ ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്.
സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച് കോണ്‍ഗ്രസും സിപിഎമ്മുമായുള്ള ധാരണയെന്തെന്ന് തനിക്കറിയില്ല. തങ്ങള്‍ ഭരണത്തില്‍ വന്ന ശേഷം മാത്രം സ്മാര്‍ട്ട് സിറ്റി വന്നാല്‍ മതിയെന്നാണ് സിപിഎം നിലപാടെന്നു തോന്നുന്നു. ഇക്കാര്യത്തില്‍ പിണറായി വിജയന്റെ നിലപാടല്ല അച്യുതാനന്ദന്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.
സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തില്‍ ജനവികാരം മാനിക്കാതെ മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ മുന്‍പെങ്ങും കാണാത്ത വിധത്തിലുള്ള ജനരോഷം ഈ സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications