Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം കണ്ണുകളും ഒമ്പത് എംഎല്‍എമാരില്‍

തിരുവനന്തപുരം: ജൂണ്‍ നാല് തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കെ. കരുണാകരനോടും നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയോടും അടുപ്പം പുലര്‍ത്തുന്ന ഒമ്പത് എംഎല്‍എമാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

നിയമസഭയില്‍ യുഡിഎഫ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് കെ. കരുണാകരന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ എംഎല്‍എമാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഒമ്പത് എംഎല്‍എമാര്‍ നിയമസഭാംഗത്വം രാജിവയ്ക്കുമോ, അതോ കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കുമോ എന്ന ചോദ്യം അവശേഷിക്കുന്നു.

രാജിക്കാര്യത്തില്‍ എംഎല്‍എമാരുടെ നിലപാട് സംബന്ധിച്ച് നാഷണല്‍ കോണ്‍ഗ്രസ് ഇന്ദിരയുടെ നേതൃത്വത്തിന് ഉറപ്പൊന്നുമില്ലെന്നാണ് കഴിഞ്ഞ ദിവസത്തെ കെ. മുരളീധരന്റെ പ്രസ്താവന വ്യക്തമാക്കുന്നത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ എന്‍സിഐ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്നും എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്താല്‍ അവര്‍ക്ക് എന്‍സിഐയില്‍ സ്ഥാനമുണ്ടാവില്ലെന്നുമാണ് മുരളി പറഞ്ഞത്. സഭയില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് കരുണാകരന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും അക്കാര്യത്തില്‍ മുരളിക്ക് ഉറപ്പു പോരെന്ന് ഈ പ്രസ്താവനയില്‍ നിന്നു വ്യക്തം.

രാജി ഭീഷണി നിലനില്‍ക്കുമ്പോഴും ഒരു കോണ്‍ഗ്രസ് എംഎല്‍എ പോലും രാജിവയ്ക്കില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പുതിയ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പറയുന്നത്.

കഴിഞ്ഞ സമ്മേളനത്തില്‍ ഭരണപക്ഷത്തായിരുന്ന കേരള കോണ്‍ഗ്രസ് പിള്ള, ജേക്കബ് ഗ്രൂപ്പുകളും ഷിബു ബേബി ജോണും ഇത്തവണ പ്രതിപക്ഷത്തായിരിക്കും ഇരിക്കുക. 100 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന യുഡിഎഫിന് ഇപ്പോള്‍ 93 അംഗങ്ങളാണുള്ളത്. എന്‍സിഐയോട് ആഭിമുഖ്യമുള്ള എംഎല്‍എമാര്‍ രാജിവയ്ക്കുകയാണെങ്കില്‍ അംഗസംഖ്യ ഇനിയും കുറയും.

സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷമില്ലെങ്കിലും പത്ത് ശതമാനം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് നടത്താവുന്നതാണ്. എന്‍സിഐയോട് ആഭിമുഖ്യമുള്ള എംഎല്‍എമാര്‍ രാജിവച്ചാല്‍ അത്തരമൊരു സാഹചര്യത്തെയാവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് നേരിടേണ്ടിവരിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+