പ്രവേശനപരീക്ഷ: തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജി തളളി
ദില്ലി: പൊതുപ്രവേശനപരീക്ഷ നിര്‍ത്തലാക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച കൂടുതല്‍ വാദം അവധിക്കു ശേഷം കേള്‍ക്കുമെന്നും തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച സുപ്രിം കോടതി അറിയിച്ചു.
പൊതുപ്രവേശനപരീക്ഷ വേണ്ടെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ് ജൂണ്‍ 27നാണ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവില്‍ കൈകടത്തുന്നില്ലെന്നും എന്നാല്‍ ഈ വര്‍ഷം ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ ഇത്തവണ ഈ നിയമം നടപ്പാക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.
രണ്ടു പരീക്ഷകളും വേണ്ടെന്നു വച്ചുകൊണ്ട് ജൂണ്‍ ഒന്‍പതിനാണ് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചത്. ഇതിനെതിരെ നാനൂറോളം ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു.












Click it and Unblock the Notifications