കരുണാകരന്റെ പിറന്നാള്‍ സദ്യക്ക് ആന്റണിയെത്തി
തിരുവനന്തപുരം: 88-ാം വയസിലേക്ക് കടന്ന കെ. കരുണാകരന്റെ പിറന്നാള്‍ ആഘോഷത്തിന് രാഷ്ട്രീയഅകല്‍ച്ചയ്ക്കപ്പുറമുള്ള അടുപ്പവുമായി എ. കെ. ആന്റണിയെത്തി. ആന്റണിയോടൊപ്പം കരുണാകരന്‍ പിറന്നാള്‍ സദ്യയുണ്ടു.
കരുണാകരന്റെ അയല്‍ക്കാരും പൈപ്പിന്‍മൂട്ടിലെ പ്രവര്‍ത്തകരുമാണ് പിറന്നാള്‍ ആഘോഷത്തിന് ഒരുക്കം നടത്തിയത്. എന്‍സിഐ നേതാക്കളും പ്രവര്‍ത്തകരും പങ്കുകൊണ്ട ആഘോഷത്തിന് കൊഴുപ്പുകൂട്ടാന്‍ ആന്റണിയെത്തിയത് ഒരു മണിയോടെയാണ്.
എംഎല്‍എമാരായ ജി. കാര്‍ത്തികേയന്‍, ടി. എന്‍. പ്രതാപന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കരുണാകരന് പിറന്നാള്‍ ആശംസ നേര്‍ന്ന ആന്റണി അദ്ദേഹവുമായി അല്പനേരം സംസാരിച്ചു. വിദ്യാര്‍ഥി സമരത്തെ കുറിച്ചും സഭാതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ കുറിച്ചും ആന്റണിയോട് കരുണാകരന്‍ സംസാരിച്ചു.
കരുണാകരനും ആന്റണിയും ഒന്നിച്ചാണ് പിറന്നാള്‍ സദ്യയുണ്ടത്. സമീപത്തു തന്നെ കെ. കരുണാകരനും പത്മജ വേണുഗോപാലും ഉണ്ടായിരുന്നു.
കെ. ആര്‍. ഗൗരിയമ്മ, എം. വി. രാഘവന്‍, സി. പി. ജോണ്‍, ടി. എം. ജേക്കബ്, ആര്‍. ബാലകൃഷ്ണപിള്ള, കെ. ബി. ഗണേഷ്കുമാര്‍ എന്നിവരും കരുണാകരന് പിറന്നാള്‍ ആശംസയര്‍പ്പിക്കാനെത്തി.












Click it and Unblock the Notifications