ഗ്രാന്റുകള്‍ ഉദ്യോഗസ്ഥര്‍ വക മാറ്റി ചെലവാക്കുന്നു: ഗൗരിയമ്മ
തിരുവനന്തപുരം: ജീവനക്കാരുടെ കാര്യക്ഷമത ഇല്ലായ്മയാണ് കയര്‍ സഹകരണ സംഘങ്ങളിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കൃഷിമന്ത്രി ഗൗരിയമ്മ നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റുകള്‍ ഉദ്യോഗസ്ഥര്‍ വക മാറ്റി ചെലവഴിക്കുകയാണെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കയര്‍ സംഘങ്ങള്‍ക്ക് 1.35 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചിരുന്നു. സംസ്ഥാനത്ത് ഇപ്പോഴുള്ള 831 കയര്‍സംഘങ്ങളില്‍ 21 എണ്ണം മാത്രമാണ് ലാഭത്തിലുള്ളത്. നഷ്ടത്തിലായ കയര്‍സംഘങ്ങളെ സഹായിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും.
സഹകരണ സംഘങ്ങളില്‍ നിന്ന് 1,18,884 മെട്രിക്ക് ടണ്‍ നെല്ല് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംഭരിച്ചു. കിലോയ്ക്ക് ഏഴ് രൂപ നിരക്കിലാണ് നെല്ലു സംഭരിച്ചത്. കോര്‍പ്പറേഷനില്‍ രജിസ്റര്‍ ചെയ്ത സഹകരണ സംഘങ്ങളെല്ലാം കൂടി കര്‍ഷകരില്‍ നിന്ന് 4,59,673 മെട്രിക്ക് ടണ്‍ നെല്ലാണ് സംഭരിച്ചിട്ടുള്ളതെന്നും ഗൗരിയമ്മ പറഞ്ഞു.
സര്‍ക്കാരിന്റെ വഴിയോരം പദ്ധതി പ്രകാരം 100 കേന്ദ്രങ്ങള്‍ കൂടി സംസ്ഥാനത്ത് ആരംഭിക്കുമെന്ന് ടൂറിസം വകുപ്പുമന്ത്രി കെ.സി വേണുഗോപാല്‍ പറഞ്ഞു. പദ്ധതിക്കായി 500 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെത്തുന്ന സന്ദര്‍ശകരുടെ എണ്ണം കണക്കിലെടുത്താണ് ഇത്തരം കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം 3.5 ലക്ഷം വിദേശസന്ദര്‍ശകരും 60 ലക്ഷം പ്രാദേശിക സന്ദര്‍ശകരും സംസ്ഥാനം സന്ദര്‍ശിച്ചിട്ടുണ്ട്.
വഴിയോരം പദ്ധതിയുടെ കീഴില്‍ വ്യവസായം തുടങ്ങാന്‍ ഏഴു ലക്ഷം വരെ സര്‍ക്കാര്‍ സബ്സിഡി നല്‍കും. ഇതിനായി ബജറ്റില്‍ ഏഴുകോടി വകയിരുത്തിയിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications