നിയമസഭയില്‍ ജേക്കബ് ഗ്രനേഡുമായി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ഇന്ദിര പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് പ്രയോഗിച്ചുവെന്ന് പറയപ്പെടുന്ന പൊട്ടാത്ത ഗ്രനേഡുകളിലൊന്ന് കേരള കോണ്‍ഗ്രസ് നേതാവ് ടി. എം. ജേക്കബ് നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടിയത് ഒച്ചപ്പാടുണ്ടാക്കി.
യൂത്ത് കോണ്‍ഗ്രസ് ഇന്ദിരയുടെ യുവജന വിഭാഗ മാര്‍ച്ചില്‍ പൊലീസ് ക്രൂരമായ അക്രമം അഴിച്ചുവിട്ടുവെന്ന് ആരോപിച്ച ജേക്കബ് അതിന് തെളിവായാണ് പൊട്ടാത്ത ഗ്രനേഡ് ഉയര്‍ത്തിക്കാട്ടിയത്. പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ ജേക്കബ് തന്റെ പ്രസംഗ വേളയില്‍ ഗ്രനേഡ് ഉയര്‍ത്തിക്കാട്ടിയതിനെ തുടര്‍ന്ന് ഭരണപക്ഷം ബഹളമുണ്ടാക്കി.
ഷിബു ബേബി ജോണാണ് ഒരു പാക്കറ്റില്‍ ഗ്രനേഡ് സഭയില്‍ കൊണ്ടുവന്നത്. ഗ്രനേഡ് അദ്ദേഹം ജേക്കബിന് കൈമാറുകയായിരുന്നു.
ഭരണപക്ഷം ഒച്ചപ്പാടുണ്ടാക്കിയതോടെ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ഇടപെട്ടു. മാരകായുധങ്ങള്‍ സഭയില്‍ കൊണ്ടുവരുന്നതെന്ന് അനുവദിക്കാനാവില്ലെന്നും ജേക്കബിനെ പോലുള്ള പരിചസമ്പന്നനായ അംഗം ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും സ്പീക്കര്‍ വ്യക്തമാക്കി. മാരകായുധം സഭയില്‍ നിന്ന് ഉടന്‍ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടയിലും ബഹളം തുടര്‍ന്നു. ജേക്കബിന്റെ കൈയില്‍ നിന്ന് ഗ്രനേഡ് വാങ്ങിയ സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ തന്റെ ചുറ്റും കൂടിയ സഭാംഗങ്ങള്‍ക്ക് അത് കാട്ടിക്കൊടുത്തു.
ബഹളം തുടര്‍ന്നപ്പോള്‍ മാരകായുധം സഭയില്‍ നിന്നും ഉടന്‍ മാറ്റണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു. തുടര്‍ന്ന് ഷിബു ബേബി ജോണ്‍ ഗ്രനേഡെടുത്ത് പുറത്തേക്കുപോയി.
യൂത്ത് കോണ്‍ഗ്രസ് ഇന്ദിരയുടെ യുവജന വിഭാഗ മാര്‍ച്ചിനു നേരെയയുണ്ടായ ലാത്തിച്ചാര്‍ജിനെ കുറിച്ചുള്ള അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം പിന്നീട് നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.












Click it and Unblock the Notifications