എംഎല്‍എമാരുടെ രാജി സര്‍ക്കാരിനു ഭീഷണിയല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: കരുണാകര പക്ഷത്തെ എംഎല്‍എമാരുടെ രാജി സര്‍ക്കാരിനോ യുഡിഎഫിനോ ഭീഷണിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സ്വമനസോടെയല്ലാ അവര്‍ രാജി വച്ചത്. അവരുടെ മനസും ചിന്തകളും തനിക്കറിയാം. തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിക്കുകയാണ് എംഎല്‍എമാര്‍ ചെയ്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായാണ് ഇവര്‍ മത്സരിച്ചു ജയിച്ചത്. അതുകൊണ്ട് അവര്‍ രാജി വച്ചാലും അവരുടെ മണ്ഡലങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ഈ മണ്ഡലങ്ങളില്‍ തുടങ്ങി വച്ച വികസനപരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും.
എ.കെ ആന്റണി രാജി വച്ച ചേര്‍ത്തല നിയമസഭാ മണ്ഡലത്തിലും എംഎല്‍എമാര്‍ രാജി വച്ച മണ്ഡലങ്ങളിലും വീണ്ടും തിരഞ്ഞെടുപ്പു നടത്തണമോയെന്ന കാര്യത്തെ കുറിച്ച് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പു കമ്മീഷനാണ്.
എംഎല്‍എ അല്ലാത്തയാള്‍ മന്ത്രിയായാല്‍ മാത്രമേ തിരഞ്ഞെടുപ്പു നടത്താന്‍ സര്‍ക്കാര്‍ കമ്മീഷനോട് ആവശ്യപ്പെടാറുള്ളൂ. രാജി വച്ചുള്ള ഒഴിവ് കമ്മീഷനെ അറിയിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യാറ്. തീരുമാനം കമ്മീഷന്റേതാണ്. തിരഞ്ഞെടുപ്പ് ഉണ്ടാവുകയാണെങ്കില്‍ അതിനെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications