സംസ്ഥാനത്ത് തൊഴില്‍രഹിതരായ പ്രൊഫഷണലുകള്‍ വര്‍ദ്ധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ആയിരക്കണക്കിന് മെഡിക്കല്‍, എഞ്ചിനീയറിംഗ് ബിരുദധാരികള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ചെയ്ത് തൊഴിലിനായി കാത്തിരിക്കുകയാണെന്ന് തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ നിയമസഭയില്‍ പറഞ്ഞു.
3929 ഡോക്ടര്‍മാരാണ് സര്‍ക്കാര്‍ കണക്കില്‍ തൊഴിലില്ലാത്തത്. ഇതില്‍ 829 പേര്‍ എം.ബി.ബി.എസ്. എടുത്തവരാണ്. 795 ഹോമിയോ ഡോക്ടര്‍മാര്‍ക്കും 849 ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്കും തൊഴിലില്ല. എഞ്ചിനീയറിംഗ് ബിരുദമുള്ള 9395 പേര്‍ തൊഴിലിനായി രജിസ്റര്‍ ചെയ്തിട്ടുണ്ട്.
കര്‍ഷക പെന്‍ഷന്‍ കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ വികലാംഗ പെന്‍ഷന്‍ കൂട്ടുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി ബാബു ദിവാകരന്‍ പറഞ്ഞു.
സംസ്ഥാനത്തെ അംഗനവാടികളില്‍ ഉച്ചഭക്ഷണം വീട്ടിലേയ്ക്ക് കൊണ്ടുപോകുന്ന പദ്ധതി നടപ്പാക്കുമെന്ന് സാമൂഹ്യക്ഷേമമന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. കരിമണല്‍ ഖനനമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റിസ് ജോണ്‍ മാത്യു കമ്മിഷന്റെ കണ്ടെത്തലുകളെ കുറിച്ച് സര്‍ക്കാര്‍ പഠിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഖനനത്തിനുള്ള ഒരു അപേക്ഷയും കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടില്ല. ആറാട്ടുപുഴ, തൃക്കുന്നത്ത് പ്രദേശം സമുദ്ര നിരപ്പിന് താഴെയല്ലെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications