-ശബരിമല തീര്‍ഥാടകര്‍ക്കായി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങും. റാന്നി-പെരുനാടിനും വടശേരിക്കരയ്ക്കും മധ്യേയാണ് ആശുപത്രി സ്ഥാപിക്കുന്നത്.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി. രാമന്‍നായര്‍, അംഗം എം. ബി. ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചതാണ് ഇക്കാര്യം. മലക്കയറ്റത്തിനിടെ ഹൃദ്രോഗബാധ ഉണ്ടാകുന്നവര്‍ക്കും അപകടത്തില്‍ പെടുന്നവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കാനാണ് ആശുപത്രി സ്ഥാപിക്കുന്നത്. ആശുപത്രിയില്‍ 200 കിടക്കകളുണ്ടാകും.
തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരുടെ സഹകരണത്തോടെയാണ് ആശുപത്രി തുടങ്ങുന്നത്. ആശുപത്രിക്കായി ആധുനിക ഉപകരങ്ങള്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്യും.
തീര്‍ഥാടന കാലത്ത് പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ അടിയന്തിര ശുശ്രൂഷാകേന്ദ്രങ്ങള്‍ തുടങ്ങാനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ 10,000 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നതിന് 30 ഹെക്ടര്‍ സ്ഥലത്തെ റബ്ബര്‍ മരങ്ങള്‍ മുറിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ടെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications