എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് നാരായണ്‍ റാണെ
മുംബൈ: 23 ശിവസേന എംഎല്‍എമാരെ അയോഗ്യരാക്കണമെന്നവശ്യപ്പെട്ട് സേനയില്‍ നിന്നും പുറത്താക്കപ്പെട്ട നാരായണ്‍ റാണെ നിയസഭയില്‍ ഹര്‍ജി നല്‍കി. ജൂലൈ എട്ടിന് പ്രതിപക്ഷനേതാവെന്ന നിലക്ക് താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാത്തതിനാണ് ഇവരെ പുറത്താക്കാന്‍ ആവശ്യപ്പെടുന്നതെന്നും ഹര്‍ജി നല്‍കിയതിനു ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കവെ റാണെ പറഞ്ഞു.
യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് എല്ലാ എംഎല്‍എമാര്‍ക്കും വിപ്പു നല്‍കിയിരുന്നു. എന്നാല്‍ 10 എംഎല്‍എമാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. രണ്ട് എംഎല്‍എമാര്‍ ഹാജരാകാന്‍ കഴിയാത്തതിന്റെ കാരണം കാണിച്ച് ഫാക്സ് സന്ദേശമയച്ചിരുന്നു. ഇവര്‍ തനിക്കുള്ള പിന്തുണ കത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും അതു കൊണ്ട് ഇവരുടെ പേര് അയോഗ്യരാക്കപ്പെടേണ്ട എംഎല്‍എമാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും റാണെ പറഞ്ഞു.
ശിവസേനാ നേതാവ് ബാല്‍ തക്കാറെ ജൂലൈ മൂന്നിന് നാരായണ്‍ റാണെയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പാര്‍ട്ടി നേതൃസ്ഥാനം ഒഴിയുകയാണെങ്കിലും പ്രതിപക്ഷനേതൃസ്ഥാനത്ത് താനുണ്ടാകുമെന്ന് റാണെ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications