പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയ ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയെ കുറിച്ചുള്ള പ്രശ്നത്തിന്മേല്‍ പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
സഭ കൂടിയപ്പോള്‍ തന്നെ എംപിയും എംഎല്‍എയുമടക്കമുള്ള ആര്‍വൈഎഫ് പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതിനെ കുറിച്ച് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ലാത്തിച്ചാര്‍ജിന് നേതൃത്വം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന്‍ എന്‍.മോഹനനെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇതിനു മറുപടി പറഞ്ഞ മുഖ്യമന്ത്രി എംപിക്കും എംഎല്‍എക്കും പരിക്കേറ്റതില്‍ ഖേദമുണ്ടെന്നും പ്രതിപക്ഷം അക്രമസമരത്തില്‍ നിന്നു പിന്‍മാറണമെന്നും ആവശ്യപ്പെട്ടു. ഇതിനെക്കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി.
അല്‍പസമയത്തിനു ശേഷം പ്രതിപക്ഷം സഭയില്‍ തിരിച്ചെത്തി. ഇതെത്തുടര്‍ന്ന് സിപിഎമ്മിലെ എ.കെ ബാലന്‍ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ആര്‍എസ്പി എംഎല്‍എ അസീസിനെ മുഖ്യമന്ത്രിക്കരികിലേക്കു കൊണ്ടുവന്ന് പരിക്കുകള്‍ കാണിക്കാന്‍ ശ്രമിച്ചതോടെയാണ് വീണ്ടും പ്രശ്നങ്ങളാരംഭിച്ചു. ഭരണകക്ഷി അംഗങ്ങളും വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങളും ഈ ശ്രമം തടഞ്ഞു. ഇതെത്തുടര്‍ന്ന ഭരണകക്ഷിയും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ വാക്കുതര്‍ക്കമാരംഭിച്ചു. അംഗങ്ങള്‍ അവരവരുടെ സീറ്റുകളിലേക്കു തന്നെ മടങ്ങണമെന്ന സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്റെ അഭ്യര്‍ത്ഥന അംഗങ്ങള്‍ ചെവിക്കൊണ്ടില്ല. ഇതെത്തുടര്‍ന്നാണ് സഭ അരമണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവച്ചത്.
തുടര്‍ന്ന് സഭ ചേര്‍ന്നപ്പോള്‍ സഭയില്‍ നാടകീയരംഗങ്ങള്‍ക്കിടയാക്കിയ ബാലന്റെ പ്രവൃത്തിയ സ്പീക്കര്‍ വിമര്‍ശിക്കുകയും അംഗങ്ങള്‍ മാന്യമായി പെരുമാറണമെന്ന് പറയുകയും ചെയ്തു.
തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് തങ്ങള്‍ സഭ ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.
സഭയില്‍ നാടകീയരംഗങ്ങള്‍ ഉണ്ടാക്കാനുള്ള പ്രതിപക്ഷശ്രമത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. സമരരംഗത്തും പ്രതിപക്ഷം ഇതുതന്നെയാണു ചെയ്യുന്നതെന്നും ഇത് ജനശ്രദ്ധ പിടിച്ചുപറ്റാനാണെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ പ്രവൃത്തിക്കുള്ള ശിക്ഷയായി എ.കെ ബാലനെ ഒരു ദിവസത്തേക്കെങ്കിലും സഭയില്‍ നിന്ന് സസ്പെന്റ് ചെയ്യണമെന്ന് പാര്‍ലമെന്ററി കാര്യവകുപ്പുമന്ത്രി എം.എം ഹസന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications