കാഞ്ചി കേസ് ജൂലായ് 25ലേക്കു മാറ്റി
ചെങ്കല്‍പേട്ട്: ശങ്കരരാമന്‍ വധക്കേസിലെ പുനര്‍നടപടികളും കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന ജയേന്ദ്രസരസ്വതിയുടെ ഹര്‍ജി പരിഗണിക്കുന്നതും സെഷന്‍സ് കോടതി ജൂലായ് 25ലേക്കു മാറ്റി. തമിഴ്നാട്ടിലെ അഭിഭാഷകര്‍ കോടതി ബഹിഷ്കരിക്കുന്നതു കാരണമാണ് ജൂലായ് 12 ചൊവ്വാഴ്ച കേസുകള്‍ മാറ്റിക്കൊണ്ട് കോടതി ഉത്തരവു പുറപ്പെടുവിച്ചത്.
കേസില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നതിനു പുറമെ കേസ് നീട്ടണമെന്നാവശ്യപ്പെട്ടുള്ള ജയേന്ദ്ര സരസ്വതിയുടെ ഒരു ഹര്‍ജി കൂടി ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. തനിക്കെതിരെയുള്ള കേസുകള്‍ തമിഴ്നാടിനു പുറത്തേക്കു മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയിന്മേലുള്ള നടപടികള്‍ വൈകുന്ന സാഹചര്യത്തിലാണ് കേസ് നീട്ടിവയ്ക്കണമെന്ന് ജയേന്ദ്ര സരസ്വതി ആവശ്യപ്പെട്ടത്.
കോടതി കൂടിയപ്പോള്‍ അഭിഭാഷകര്‍ കോടതി ബഹിഷ്കരിക്കുന്ന സാഹര്യത്തില്‍ തനിക്ക് കോടതിയില്‍ ഹാജരാകാനാവില്ലെന്നും അതുകൊണ്ട് കേസ് നീട്ടണമെന്നും ജയേന്ദ്രയുടെ വക്കീല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇതനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വക്കീല്‍ വാദിച്ചെങ്കിലും ബഹിഷ്കരണം കാരണം കേസ് നീട്ടുകയാണെന്ന് സെഷന്‍സ് ജഡ്ജി ജി.എം അക്ബര്‍ അലി അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications