പി.കെ.വിയുടെ സംസ്കാരം രാത്രി10ന്
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ ഭൗതിക ശരീരം ജൂലായ് 14 വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ പെരുമ്പാവൂരിലെ പുല്ലുവഴിയിലുള്ള വീട്ടില്‍ സംസ്കരിക്കും.
സെക്രട്ടേറിയറ്റിലെ ഡര്‍ബാര്‍ ഹാളില്‍ നിന്നും രാവിലെ 11 മണിക്കു തുടങ്ങിയ വിലാപയാത്രയെ പ്രമുഖ നേതാക്കളും പി.കെ.വിയുടെ ബന്ധുക്കളും അനുഗമിച്ചു. സെക്രട്ടേറിയറ്റിലെ ഡര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാര്‍, സാംസ്കാരിക നായകര്‍ തുടങ്ങി നിരവധി പ്രമുഖര്‍ എത്തിയിരുന്നു.സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ രാവിലെ എട്ടുമണി വരെ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം ദര്‍ബാര്‍ ഹാളിലേക്ക് മാററിയത്.
വിപ്ലവാഭിവാദനങ്ങള്‍ ഏറ്റുവാങ്ങിയാണ് വിലാപയാത്ര തിരുവനന്തപുരം കടന്നത്. തലസ്ഥാനത്തിന്റെ പാര്‍ലമെന്റ് അംഗമായ പി.കെ.വിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ വിലാപയാത്ര കടന്നു പോയ വീഥിയില്‍ ആയിരങ്ങള്‍ തടിച്ചു കൂടി.
പുല്ലുവഴിയിലെ വീട്ടില്‍ മൃതദേഹം ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അദ്ദേഹത്തിന്റെ മൂത്ത മകന്‍ അഡ്വ. രാജേന്ദ്രന്‍ ചിതയ്ക്ക് തീകൊളുത്തും.
അതിനു ശേഷം വില്ലേജ് ഓഫീസ് ജംഗ്ഷനില്‍ അനുശോചനയോഗം നടക്കും. യോഗത്തില്‍ സി.പി.ഐ ദേശീയ സെക്രട്ടറി എ.ബി. ബര്‍ദാന്‍, സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രമന്ത്രി പി.എം. സെയ്ദ് തുടങ്ങിയ നേതാക്കന്മാര്‍ പങ്കെടുക്കും












Click it and Unblock the Notifications