കൊക്കോക്കോളയില്‍ കാഡ്മിയമില്ലെന്ന് കമ്പനി
തിരുവനന്തപുരം:കൊക്കക്കോളയില്‍ കാഡ്മിയത്തിന്റെ അംശമുണ്ടെന്ന പരിസ്ഥിതിമലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ കണ്ടെത്തല്‍ കമ്പനി നിഷേധിച്ചു. ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കാനുള്ള അപേക്ഷ തള്ളാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് അയച്ച കാരണംകാണിക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് കമ്പനി ഇക്കാര്യം നിഷേധിച്ചിരിക്കുന്നത്.
കമ്പനിയില്‍ നിന്നു പുറംതള്ളുന്ന ഖരമാലിന്യങ്ങളില്‍ കാഡ്മിയത്തിന്റെ അംശമുണ്ടെന്നുള്ളതു കൊണ്ട് കോള നിര്‍മാണത്തിന് കാഡ്മിയം ഉപയോഗിക്കുന്നുണ്ടെന്ന് പറയാനാവില്ലെന്ന് കമ്പനി മറുപടിയില്‍ പറഞ്ഞിട്ടുണ്ട്. ചില സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ബോര്‍ഡിന്റെ ആരോപണമെന്നും കമ്പനി വിശദീകരിക്കുന്നു.
പ്ലാച്ചിമടയിലെ കോള കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് തയ്യാറാകത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയില്‍ കമ്പനി അനുകൂല വിധി നേടിയിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെ പ്രവര്‍ത്തനം തുടങ്ങാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതെത്തുടര്‍ന്ന് ബോര്‍ഡിന്റെ അപേക്ഷ പരിഗണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്ലാച്ചിമടയിലെ കമ്പനിയില്‍ നിന്നുള്ള മാലിന്യങ്ങളിലും സമീപത്തെ കിണറുകളിലെ വെള്ളത്തിലും വന്‍തോതില്‍ കാഡ്മിയം അംശം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനിക്ക് ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസയച്ചത്.












Click it and Unblock the Notifications