പാക് ഭീകരക്യാമ്പുകള്‍ അടച്ചുപൂട്ടണം: യുഎസ്
വാഷിംഗ്ടണ്‍: പാകിസ്ഥാനിലെ തീവ്രവാദി പരിശീലന ക്യാമ്പുകള്‍ അടച്ചുപൂട്ടാനും അതിര്‍ത്തിയിലൂടെയുളള നുഴഞ്ഞുകയറ്റങ്ങള്‍ അവസാനിപ്പിക്കുവാനും അമേരിക്ക പാകിസ്ഥാനോട് ആവശ്യപ്പെട്ടു. കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളെ പറ്റി അമേരിക്ക ഉത്കണ്ഠ പ്രകടിപ്പിച്ചു. യുഎസ് ഔദ്യോഗിക വക്താവാണ് ഇക്കാര്യം അറിയിച്ചത്.
അതേ സമയം വാഷിംഗ്ടണില്‍ തുടങ്ങിയ ഹുറിയത് അനുകൂല കശ്മീരി അമേരിക്കന്‍ കൗണ്‍സിലിന്റെ രണ്ടു ദിവസത്തെ യോഗത്തില്‍ യുഎസിലെ പാക് അംബാസിഡര്‍ ജഹാംഗീര്‍ കരാമത്ത്, പാകിസ്ഥാന്‍ മുന്‍വിദേശകാര്യ സെക്രട്ടറി റിയാസ് ഖോക്കെര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യോഗത്തില്‍ പങ്കെടുത്ത പാക് വംശജരല്ലാത്തവര്‍ കശ്മീരില്‍ സമാധാനം സ്ഥാപിക്കേണ്ടതിനെ കുറിച്ച് എടുത്തുപറഞ്ഞപ്പോള്‍ ഇന്ത്യാ-പാക് സമാധാന ചര്‍ച്ചകളില്‍ കാശ്മീരികളെ കൂടി ഉള്‍പ്പെടുത്തണമെന്നായിരുന്നു പാകിസ്ഥാനികളുടെ ആവശ്യം.
കശ്മീര്‍ പ്രശ്നത്തിന് ഒരു പോംവഴി കണ്ടുപിടിക്കാതെ ഇന്ത്യാ-പാക് ചര്‍ച്ചകള്‍ അനിശ്ചിതമായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് കരാമത് മുന്‍പ് പ്രസ്താവിച്ചിരുന്നു.
കശ്മീരി പണ്ഡിറ്റുകളോട് തീവ്രവാദികള്‍ ചെയ്ത ക്രൂരതകള്‍ തെളിയിക്കുന്ന രേഖാചിത്രങ്ങളുടെ പ്രദര്‍ശനത്തോടെയാണ് യോഗം ആരംഭിച്ചത്.












Click it and Unblock the Notifications