അദ്വാനിക്കെതിരെ എം.ജി.വൈദ്യ
നാഗ്പൂര്‍: തകര്‍ന്ന പ്രതിഛായയും പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദാലി ജിന്നയുടെ പ്രേതബാധയുമുള്ള ഒരു നേതാവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ബിജെപി കടുത്ത പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരുമെന്ന് ആര്‍എസ്എസ് ചിന്തകന്‍ എം.ജി.വൈദ്യ.
ആര്‍എസ്എസിന്റെ മറാത്തി പത്രമായ തരുണ്‍ ഭാരതിലെ വൈദ്യയുടെ പ്രതിവാരപംക്തിയിലാണ് അദ്വാനിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയത്. സൂറത്തില്‍ ചേര്‍ന്ന ആര്‍എസ്എസ് യോഗം അദ്വാനിയുടെ രാജി ആവശ്യപ്പെടുന്നതിന് ഐക്യകണ്ഠേന തീരുമാനിച്ചിരുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു.
യോഗത്തിന്റെ തീരുമാനമനുസരിച്ച് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി മോഹന്‍ ഭഗ്വത് ജൂലൈ 10ന് ദില്ലിയില്‍ വിഎച്ച്പി നേതാക്കളുമായും മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണോയെന്ന് തീരുമാനിക്കേണ്ടത് അദ്വാനിയാണെന്നും രാജിക്കായി ആര്‍എസ്എസ് അദ്വാനിയില്‍ സമ്മര്‍ദം ചെലുത്തുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.
ആര്‍എസ്എസ്സിനെതിരെ വിമര്‍ശമുയര്‍ത്തിയ എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരെയും ലേഖനത്തില്‍ ആഞ്ഞടിക്കുന്നുണ്ട്. വരുന്ന ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ജോര്‍ജ് ഫെര്‍ണ്ടാണ്ടസിന്റെ ജനതാദള്‍ യുനൈറ്റഡിന് ഒറ്റയ്ക്കു ജയിക്കാന്‍ കെല്പില്ലെന്നിരിക്കെ, ബിജെപിയെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് അദ്ദേഹം ആര്‍എസ്എസിനെതിരെ തിരിഞ്ഞതെന്ന് വൈദ്യ പറയുന്നു.












Click it and Unblock the Notifications