ലാവ്ലിന്‍ എല്‍ഡിഎഫിന് തിരിച്ചടിയാകുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ ആരോപിച്ച ലാവ്ലിന്‍ അഴിമതി എല്‍ഡിഎഫിനു തന്നെ തിരിച്ചടിയാകുന്നു.
ക്രമസമാധാനത്തകര്‍ച്ചയാരോപിച്ച് ഭരണപക്ഷത്തെ എല്‍ഡിഎഫ് സമ്മര്‍ദത്തിലാക്കിയിരിക്കുന്ന സന്ദര്‍ഭത്തിലാണ് പ്രതിപക്ഷത്തിനു നേരെ ഓങ്ങാനുളള വടിയെന്ന നിലക്ക് ലാവ്ലിന്‍ വിവാദം യുഡിഎഫിനു ലഭിച്ചിരിക്കുന്നത്.
പള്ളിവാസന്‍, പന്നിയാര്‍, ചെങ്കുളം വൈദ്യുതപദ്ധതികള്‍ നടപ്പാക്കുന്നതിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ട കരാര്‍ ഖജനാവിന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് എജി റിപ്പോര്‍ട്ട്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരിക്കുന്ന സമയത്താണ് ഒപ്പിട്ടിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
വൈദ്യുതപദ്ധതിയെപ്പറ്റിയുള്ള കരടുരൂപം പുറത്തുവന്നത് 95ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെങ്കിലും കനേഡിയന്‍ കമ്പനിക്ക് പദ്ധതിച്ചുമതല നല്‍കിക്കൊണ്ടുള്ള ധാരണാപത്രം കമ്പനിയുമായി ഒപ്പുവച്ചത് 96ല്‍ പിണറായി കാനഡ സന്ദര്‍ശിച്ചതിനു ശേഷമാണ്. 97ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരുടെ കൂടെ ഒരിക്കല്‍ കൂടി കാനഡ സന്ദര്‍ശിച്ച പിണറായി 98ലാണ് പദ്ധതിക്കരാറില്‍ ഒപ്പുവച്ചത്.
സിപിഎമ്മില്‍ അച്യുതാനന്ദന്‍, പിണറായി പക്ഷക്കാര്‍ തമ്മിലുള്ള ശീതസമരത്തിന് ലാവ്ലിന്‍ കരാര്‍ കൂടുതല്‍ എരിവു പകര്‍ന്നിരിക്കുകയാണ്. പിണറായിക്കനുകൂലമായി ഇക്കാര്യത്തില്‍ ഇതുവരെ അച്യുതാനന്ദന്‍ ഒരു വാക്കു പോലും സംസാരിച്ചിട്ടില്ലെന്നതു ശ്രദ്ധേയമാണ്. ഇതുസംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്.
സംഘടനാ തിരഞ്ഞെടുപ്പുകളില്‍ പിണറായി പക്ഷം അധികാരമുറപ്പിച്ചതും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തു നിന്നും വി.എസിനെ മാറ്റിയതും പാര്‍ട്ടിക്കുള്ളില്‍ സ്പര്‍ദ്ധ വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. കെ. കരുണാകരന്റെ പാര്‍ട്ടിയായ എന്‍സിഐയെ ഇടതുമുന്നണിയില്‍ ചേര്‍ക്കുന്നതു സംബന്ധിച്ചുള്ള വ്യത്യസ്താഭിപ്രായങ്ങളും ചേരിപ്പോരിന് ആക്കം കൂട്ടുന്നുണ്ട്.
യുഡിഎഫ് കാലത്താണ് ലാവ്ലിന്‍ കേസ് നടന്നതെന്നും ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് പാര്‍ട്ടിയെ താറടിച്ചു കാണിക്കാന്‍ വേണ്ടി യുഡിഎഫ് ലാവ്ലിന്‍ വിവാദം തങ്ങളുടെ മേല്‍ കെട്ടിവയ്ക്കുകയുമാണെന്നാണ് ഇടതുമുന്നണിയുടെ വാദം.












Click it and Unblock the Notifications