ലാവ്ലിന്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ലാവ്ലിന്‍ കേസ് അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു. നിയമസഭയില്‍ നടന്ന അവിശ്വാസ പ്രമേയചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അഴിമതി ഉന്നയിച്ച് വികസനത്തെ തടസ്സപ്പെടുത്താന്‍ ആരേയും അനുവദിക്കില്ല. യുഡിഎഫ് ഭരണകാലത്ത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിഞ്ഞു.
സുനാമി ദുരിത ബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവുന്നതെല്ലാം ചെയ്യും. യുഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ നൂറ് ശതമാനം കാര്യവും നേടാനായിട്ടില്ല. എന്നാലും പരാമാവധി ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ആവുന്നത് ചെയ്തു. തൊഴിലില്ലായ്മ പരിഹരിക്കാനും സര്‍ക്കാര്‍ വേണ്ടത് ചെയ്തിട്ടുണ്ട്. നൂറു ദിവസത്തെ പദ്ധതി നടപ്പാക്കിയപ്പോള്‍ 20,000 ത്തോളം പേര്‍ക്ക് പിഎസ്സിയിലൂടെ ജോലി നല്‍കി.
ബഹുദൂരം അതിവേഗം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. അതിന്റെ വിജയത്തിന് പ്രതിപക്ഷ സഹകരണവും വേണം. സംസ്ഥാനത്തിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിന് കൂട്ടായ ഓട്ടമാണ് വേണ്ടത്. ലാവ്ലിന്‍ അഴിമതിക്കേസില്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടാല്‍ എന്ത് അന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്.
വിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. എയ്ഡഡ് സ്ഥാപനങ്ങള്‍ അനുവദിക്കാത്തത് സാമ്പത്തിക ബാധ്യത മൂലമാണ്. എന്നിട്ടും സര്‍ക്കാര്‍ മേഖലയില്‍ നിരവധി പ്ലസ് ടൂ സ്കൂളുകള്‍ അനുവദിച്ചു. കോടതി വിധി അനുസരിച്ച് 18 സ്വാശ്രയ സ്ഥാപനങ്ങള്‍ മാത്രമാണ് അനുവദിച്ചത്.
സ്വാശ്രയ മേഖലയെ പ്രോത്സാഹിപ്പിക്കല്‍ സര്‍ക്കാര്‍ നയമല്ല. സ്വകാര്യ സ്കൂളുകളില്‍ സംഭാവന പിരിക്കുന്നതും സര്‍ക്കാര്‍ സ്കൂളില്‍ നിര്‍ബന്ധിത പിടിഎ ഫണ്ട് പിരിവും പാടില്ലെന്നതാണ് സര്‍ക്കാര്‍ നയം.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷം ഉന്നയിച്ച 13 കാര്യങ്ങളും അടിസ്ഥാനരഹിതമാണ്. ചര്‍ച്ച ആരംഭിക്കുമ്പോള്‍ ഇത് അനാവശ്യമായി തോന്നി. എന്നാല്‍ ചര്‍ച്ചയില്‍ സംസാരിച്ച സിപിഎം അംഗം ഡോ. തോമസ് ഐസകിന്റെ നിലപാടും തൊട്ടടുത്ത ദിവസം ലാവ്ലിന്‍ ചര്‍ച്ച പാടില്ലെന്ന പ്രതിപക്ഷ നിലപാടും ചര്‍ച്ച നന്നായെന്ന് തോന്നിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
ഇത് നിയമനിര്‍മ്മാണത്തിനായി വിളിച്ചു ചേര്‍ത്ത സഭയാണ്. അതിനാല്‍ രാഷ്ട്രീയത്തിന് വലിയ പ്രാധാന്യം ലഭിക്കില്ല. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ആരോപണങ്ങള്‍ വരും. അതിന് മറുപടിയും നല്‍കാം. ചരിത്രത്തിലാദ്യമായി തല്‍സമയം സംപ്രേഷണമുള്ളതിനാല്‍ ജനങ്ങള്‍ ഇവ വിലയിരുത്തി തീരുമാനമെടുക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications